ന്യൂദല്‍ഹി- പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2019 മാര്‍ച്ച് 31 വരെ നീട്ടി. ജൂണ്‍ 30 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പരിധി. ഇത് അവസാനിച്ചതോടെയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) സമയപരിധി വീണ്ടും പുതുക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയാണ് സിബിഡിടി ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതു അഞ്ചാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടുന്നത്. ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരായ ഹരജികളില്‍ സുപ്രീം കോടതി അന്തിമ വിധി പറയാത്ത പശ്ചാത്തലത്തിലാണിത്.
ആധാര്‍ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് മാസങ്ങള്‍ക്കു മുമ്പ് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസില്‍ അന്തിമ വിധി പറയുന്നതു വരെ നീട്ടി നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. ആധാറിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജികള്‍ ഈ ബെഞ്ചിന്റെ പരിഗണനയിലാണ്.
അതേസമയം, ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനും പുതിയ പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആധാര്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 33 കോടി പാന്‍ കാര്‍ഡുകളില്‍ 16.65 കോടി പാന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.