മുംബൈ- ദൽഹിയിലെ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരായ ആം ആദ്മിയുടെ പോരാട്ടത്തിന് പിന്തുണ തേടി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബുധനാഴ്ച ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെയെ മുംബൈയിലെ വസതിയിൽ എത്തി സന്ദർശിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാംഗങ്ങളായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദൽഹി മന്ത്രി അതിഷി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരെ പിന്തുണ തേടി ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ കൂടിയായ കെജ്രിവാൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെയും കാണും.
കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരായ എഎപിയുടെ പോരാട്ടത്തിന് പിന്തുണ തേടി കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചൊവ്വാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും സന്ദർശിച്ചിരുന്നു.
ദൽഹിയിൽ ഗ്രൂപ്പ്-എ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമായി ഒരു അതോറിറ്റി രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസ് കേന്ദ്രം വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ദൽഹിയിൽ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിനാണ് പൂർണ അധികാരമെന്ന സുപ്രീം കോടതി വിധി മറികടക്കാൻ വേണ്ടിയാണ് കേന്ദ്രം ഇങ്ങിനെ ഓർഡിനൻസ് പുറപ്പെടുവിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ഓർഡിനൻസ് പാർലമെന്റിൽ തോൽപ്പിക്കാം എന്നാണ് ആം ആദ്മിയുടെ വാദം. ഇതിന് വേണ്ടിയാണ് പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നത്.