ഉറുഗ്വയ്ക്ക് കവാനിയും സുവാരസവുമുണ്ടായിരുന്നു; പോര്‍ച്ചുഗലിനാകട്ടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രവും ലോകകപ്പിലെ രണ്ടാം പ്രീക്വാര്‍ട്ടര്‍ മത്സരത്തെപ്പറ്റി ഇങ്ങനെ ചുരുക്കിപ്പറയാമെന്നു തോന്നുന്നു. സംഭവബഹുലമായ ഈ ദിവസത്തെപ്പറ്റിയാണെങ്കില്‍ ഇങ്ങനെയും: ഫുട്‌ബോള്‍ ടീം ഗെയിമാണ്; ഒറ്റപ്പെട്ട മികച്ച കളിക്കാരെ ഒറ്റ മനസ്സോടെ കളിക്കുന്ന ടീമുകള്‍ തോല്‍പ്പിക്കും.
ട്വിസ്റ്റും ടേണുമുള്ള കഥപ്പടം കഴിഞ്ഞ് അടിപ്പടം കളിക്കുന്ന തിയ്യേറ്ററില്‍ ചെന്നുകയറിയതു പോലെയാണ് ഉറുഗ്വേയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരം കണ്ടുതുടങ്ങിയപ്പോള്‍ അനുഭവപ്പെട്ടത്. കവാനിയുടെ ഗോള്‍ പോര്‍ച്ചുഗല്‍ പോസ്റ്റില്‍ ചെന്നുകയറിയ കൃത്യം ഏഴാം മിനുട്ടിലാണ് ഞാനവിടെ ലാന്റ് ചെയ്തത്. സംഗതി അടിവെടിപുകയാണെന്ന് അപ്പോഴേ മനസ്സിലായി.
മൈതാനമധ്യത്തില്‍ ക്ഷമയോടെയും ഗൂഢതന്ത്രത്തോടെയും കളി മെനഞ്ഞ് ഡിഫന്‍സില്‍ പഴുതുകളുണ്ടാക്കുന്ന സങ്കീര്‍ണതകളൊന്നുമില്ലാത്ത ഒരു ഓപ്പണ്‍ ഗെയിമായിരുന്നു ഇന്നത്തേത്. കൃത്യമായ മാര്‍ക്കിങ്, പൊസിഷനിങ്, സ്റ്റാമിന. കണ്ണടച്ചു തുറക്കുന്നതുപോലെ ക്ഷണവേഗത്തിലുള്ള ഫസ്റ്റ്, സെക്കന്റ് ടച്ചുകള്‍. എതിരാളിക്ക് അര്‍ധാവസരം പോലും നല്‍കാത്ത ചടുലമായ ഇടപെടല്‍. ഇതൊക്കെയാണ് ഇത്തരം മത്സരങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതൊക്കെയേ ഉറുഗ്വേ പോര്‍ച്ചുഗല്‍ മത്സരത്തിലുമുണ്ടായുള്ളൂ. പോര്‍ച്ചുഗലിനേക്കാള്‍ കുറച്ചു കൂടി ഭേദപ്പെട്ട ഗെയിം പ്ലാനും സോളിഡ് ആയ ഡിഫന്‍സും ഫിനിഷര്‍മാരുമുള്ളതിനാല്‍ ഉറുഗ്വേയുടെ വിജയം പലരും മുന്‍കൂട്ടിക്കണ്ടിരുന്നു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ബെറ്റര്‍ ടീം ജയിച്ചു.
എഡിന്‍സന്‍ കവാനിയും ലൂയിസ് സുവാരസും തമ്മിലുള്ള കോമ്പിനേഷനാണ് ഈ കളിയില്‍ എന്നെ അമ്പരപ്പിച്ചു കളഞ്ഞത്. രണ്ട് വ്യത്യസ്ത രാജ്യങ്ങളിലെ ക്ലബ്ബുകളിലാണ് കളിക്കുന്നതെങ്കിലും എത്രയോ കാലമായി ഒന്നിച്ചു പന്തുതട്ടുന്നതു പോലൊരു മാനസികൈക്യം ഇരുവരിലുമുണ്ടായിരുന്നു. പ്രത്യേകിച്ചും കവാനിയുടെ പ്രിസിഷനും പൊസിഷനിങും. മൈതാനത്തിന്റെ വലതുഭാഗത്തുനിന്ന് നേരെ എതിര്‍ധ്രുവത്തിലേക്കൊരു ക്രോസ് കൊടുത്ത് അത് ഇന്നര്‍ ബോക്‌സിനുള്ളില്‍ സ്വീകരിക്കാന്‍ പാകത്തില്‍ ഓടിക്കയറിയ കവാനിയും പറഞ്ഞു പണിയിച്ച പോലെ കൃത്യമായി അളവിലും തൂക്കത്തിലും പന്ത് അവിടെ എത്തിച്ച സുവാരസും ഒരു ഡെഡ്‌ലി ഡുവോ തന്നെയായിരുന്നു. മത്സരത്തിലുടനീളം സുവാരസ് സൂക്ഷിച്ച എനര്‍ജി വേറൊരു ലെവലായിരുന്നു. തൊണ്ണൂറാം മിനുട്ടിലും, ഇപ്പോഴിറങ്ങിയതേ ഉള്ളൂ എന്ന് തോന്നിക്കും വിധമുള്ള കാട്ടിക്കൂട്ടലുകള്‍.
ക്ലിനിക്കല്‍ സ്‌െ്രെടക്കര്‍മാരുടെ ഗണത്തില്‍ തന്റെ സ്ഥാനം എവിടെയെന്ന് കവാനി അടയാളപ്പെടുത്തുന്നതായിരുന്നു രണ്ടാമത്തെ ഗോള്‍. ബെന്റങ്കൂറില്‍ നിന്ന് സ്വീകരിച്ച പന്തില്‍ ഇന്നര്‍ ഫുട്ട് കൊണ്ട് പ്രയോഗിച്ച ആ സ്പര്‍ശം; അതിനു വേണ്ടി ശരീരത്തെ പൊസിഷന്‍ ചെയ്തത് എല്ലാം കമന്റേറ്റര്‍ പറഞ്ഞതു പോലെ 'പ്യുവര്‍ ഗോള്‍ഡ്' ആയിരുന്നു. അത്രയും ദൂരത്തുനിന്ന് ആ ഗോള്‍ കണ്ടെത്തിയെങ്കില്‍ കവാനിയെ ഒക്കെ അക്ഷരംതെറ്റാതെ സ്‌െ്രെടക്കറെന്നു വിളിക്കാം.
ക്രിസ്റ്റിയാനോയെ മാത്രം ആശ്രയിച്ചെന്ന പോലെയാണ് പോര്‍ച്ചുഗല്‍ മിക്കസമയവും കളിച്ചത്. ഡീഗോ ഗോഡിന്‍ നയിച്ച ഡിഫന്‍സിന് അത് ജോലി എളുപ്പമാക്കി. ബോക്‌സില്‍ ക്രിസ്റ്റിയാനോയെ കണ്ടെത്താന്‍ തൊടുക്കുന്ന ക്രോസുകളിലെല്ലാം ഉറുഗ്വേ ഡിഫന്‍സിന്റെ പൊസിഷനിങ് കൃത്യമായിരുന്നു. ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ട നിമിഷങ്ങളുണ്ടായപ്പോഴാകട്ടെ ഗോള്‍കീപ്പര്‍ മുലേര സമര്‍ത്ഥമായി ഇടപെടുകയും ചെയ്തു. അതേസമയം, മുന്‍നിരയില്‍ എല്ലായിടത്തുമായി വ്യാപിച്ചു കളിച്ച ക്രിസ്റ്റ്യാനോ, സഹകളിക്കാരുടെ പൊസിഷനിങിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്നു തോന്നി. ആറു ഷോട്ടില്‍ ഒരെണ്ണം മാത്രമാണ് റൊണാള്‍ഡോക്ക് പോസ്റ്റിനു നേരെ പായിക്കാനായത്. ലോങ് റേഞ്ചര്‍ തൊടുക്കാനുള്ള ശ്രമങ്ങളൊക്കെ ഉറുഗ്വേ വിഫലമാക്കുകയും ചെയ്തു. കോര്‍ണര്‍ കിക്കില്‍ നിന്നുവന്ന ആ സമനില ഗോളില്‍ പിടിച്ച് കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടുന്നതിനു പകരം കയറിക്കളിച്ചതാണ് രണ്ടാം ഗോള്‍ വഴങ്ങുന്നതിലേക്ക് നയിച്ചത്.
തോല്‍വിയിലും ക്രിസ്റ്റിയാനോയുടെ ശരീരഭാഷയെപ്പറ്റി പറയാതെ വയ്യ. എല്ലായ്‌പോഴും എനര്‍ജറ്റിക് ആയി കാണപ്പെടുകയും സഹകളിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ക്രിസ്റ്റ്യാനോയും സമനില ഗോള്‍ വീണപ്പോള്‍ തന്നെ തകര്‍ന്നുപോയ മെസ്സിയും തമ്മില്‍ ആ മേഖലയിലെങ്കിലും അജഗജാന്തരമുണ്ട്. അവസാന നിമിഷം വരെ പോരാടാനുള്ള കരുത്ത് സഹതാരങ്ങള്‍ക്ക് ആ മുഖത്തുനിന്നു ലഭിക്കും.
ഏതായാലും, ആദ്യ രണ്ട് പ്രീക്വാര്‍ട്ടറുകളില്‍ അര്‍ഹിച്ച ടീമുകള്‍ തന്നെയാണ് ജയിച്ചുകയറിയത്. അര്‍ജന്റീനയോട് കളിച്ചതു പോലെയാവില്ല ഫ്രാന്‍സിന് ഉറുഗ്വേക്കെതിരായ മത്സരം. ഫ്രാന്‍സിന്റെയത്ര 'മരുന്ന്' കൈവശമില്ലെങ്കിലും ചാവേറുകളെപ്പോലെ ജോലി ചെയ്യുന്ന കളിക്കാര്‍ ഉറുഗ്വേക്കുണ്ട്.