അഹമ്മദാബാദ്- ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയില്‍ ഞെട്ടിക്കുന്ന സംഭവം. സതി അനുഷ്ടിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് എന്‍ജിനീയര്‍ ജീവനൊടുക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സബര്‍മതി നദിയില്‍ ചാടിയാണ് സംഗീത ലഖ്ര എന്ന 28കാരി ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ബില്‍വാര സ്വദേശിയാണ് യുവതി. ആത്മഹത്യാക്കുറിപ്പിലാണ് യുവതി സംഭവം വിവരിച്ചത്. 2022 ഫെബ്രുവരി 10ന് ഭര്‍ത്താവ് മരിച്ചത് മുതല്‍ ഭര്‍തൃവീട്ടുകാര്‍ തന്നോട് സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് യുവതി ഡയറി കുറിപ്പില്‍ വ്യക്തമാക്കി. സമ്മര്‍ദ്ദം താങ്ങാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി കുറിപ്പില്‍ വിശദീകരിച്ചു.
ഭര്‍തൃമാതാവിനും മറ്റു നാല് പേര്‍ക്കുമെതിരെ യുവതിയുടെ പിതാവ് രമേഷ് ലഖ്ര പോലീസില്‍ പരാതി നല്‍കി. തന്റെ മകള്‍ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മരണ ശേഷം മകള്‍ മാനസിക പ്രശ്നത്തിലായിരുന്നെന്നും ഇയാള്‍ പറഞ്ഞു. മെയ് 10നാണ് യുവതിയെ കാണാതാകുന്നത്. പിറ്റേ ദിവസം മൃതദേഹം നദിയില്‍ നിന്ന് ലഭിച്ചു. ആത്മഹത്യയെക്കുറിച്ച് യുവതി സഹോദരന് ശബ്ദ സന്ദേശവും മെസേജും അയച്ചു. കടുത്ത തീരുമാനം എടുക്കുന്നതില്‍ തന്നോട് ക്ഷമിക്കണമെന്നും യുവതി സന്ദേശത്തില്‍ പറയുന്നതായി പോലീസ് പറഞ്ഞു.
എന്‍ജിനീയറിങ്ങില്‍ പിജി സ്വന്തമാക്കിയ യുവതി ഭര്‍ത്താവിന്റെ മരണ ശേഷം സൂറത്തിലെ സ്വവസതിയിലേക്ക് തിരികെ വന്നിരുന്നു. നല്ല വ്യക്തിയാണെന്ന് തെളിയിക്കാന്‍ ഭര്‍തൃമാതാവും ബന്ധുക്കളും തന്നെ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചതായി ഡയറിയിലാണ് യുവതി കുറിച്ചിട്ടത്. ഭര്‍ത്താവിന്റെ മരണ ശേഷം സൂറത്തിലെ മാളില്‍ ജോലി നോക്കുകയും ചെയ്തിരുന്നു.