Sorry, you need to enable JavaScript to visit this website.

വര്‍ഗീയത ആളിക്കത്തിക്കാന്‍ ഹിന്ദുത്വ സംഘം; കര്‍ണാടകയില്‍ 60 പേരെ ഒരുക്കി

ബംഗളൂരു- കര്‍ണാടകയിലുടനീളം വര്‍ഗീയത ആളിക്കത്തിക്കാനും കൊലപാതങ്ങളും ആക്രമണങ്ങളും നടതതാനും തീവ്ര ഹിന്ദുത്വ സംഘടന 60 പേരോളം അടങ്ങുന്ന പ്രത്യേക സംഘത്തെ ഒരുക്കിയിരുന്നതായി പോലീസ് കണ്ടെത്തല്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലക്കേസ് അന്വേഷിക്കുന്ന കര്‍ണാടക പോലീസ് പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ഈ സംഘത്തിന്റെ നീക്കം പുറത്തു കൊണ്ടു വന്നത്. കൊലപാതകങ്ങള്‍, തീവെപ്പ്, കല്ലേറ് തുടങ്ങിയ ആക്രമണ മുറകളിലൂടെ തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിനാണ് ഹിന്ദുത്വ തീവ്രവാദികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പ്രത്യേക പരീശീലനം നല്‍കി ഈ സംഘത്തെ ഒരുക്കി വന്നതെന്നും പോലീസ് പറയുന്നു. 

ഇന്‍ഷുറന്‍സില്‍ ഒരു തവണ പല്ല് ക്ലീന്‍ ചെയ്യാം; സൗദിയില്‍ പുതിയ പോളിസി

ഈ 60 പേരില്‍ പകുതിയോളം പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിക്കായി കര്‍ണാടക പോലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന നിര്‍ദേശം നല്‍കിയതായും എസ്.ഐ.ടി വൃത്തങ്ങള്‍ പറഞ്ഞു. ഗൗരി ലങ്കേഷിന് വധിച്ചതിനു പുറമെ കര്‍ണാടകയിലെ ബെല്‍ഗാം മേഖലയില്‍ കഴിഞ്ഞ നവംബറില്‍ വിവാദമായ പത്മാവത് സിനിമാ പ്രദര്‍ശനത്തിനെതിരെ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കിയതും ഈ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ ബംഗളുരൂവിലെ വീട്ടുമുറ്റത്തു വച്ച് വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ, സനാതന്‍ സന്‍സ്ഥ, ഹിന്ദു ജനജാഗ്രതി സമിതി, ഹിന്ദു യുവ സേന, ശ്രീരാമ സേന തുടങ്ങിയ ഹിന്ദുത്വ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ആറു പേരെയാണ് കഴിഞ്ഞ നാലു മാസത്തിനിടെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. പിടിയിലായ പുനെ സ്വദേശി അമോല്‍ കാലെ, ഗോവ സ്വദേശി അമതി ദെഗ്വേക്കര്‍, ഉഡുപ്പി സ്വദേശി സുജീത് കുമാര്‍, വിജയപുര സ്വദേശി മനോഹര്‍ എഡവെ എന്നിവര്‍ നിരവധി യുവാക്കളെ സാമൂഹികവിരുദ്ധ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഗൗരി ലങ്കേഷിനു നേര്‍ക്ക് വെടിയുതിര്‍ത്തയാളെന്ന് സംശയിക്കുന്ന മുന്‍ ശ്രീരാമ സേന പ്രവര്‍ത്തകന്‍ പരശുറാം വാഗമാറെയെയും ഇയാള്‍ക്ക് സഹായം ചെയ്തു കൊടുത്ത കെ ടി നവീന്‍ കുമാറിനേയും ഈ രഹസ്യ സംഘം റിക്രൂട്ട് ചെയ്തതാണ്. മറ്റൊരു എഴുത്തുകാരനെ കൊലപ്പെടുത്താനുള്ള പദ്ധതിയിലും നവീന്‍ കുമാറിനെ സംഘം ചുമതലപ്പെടുത്തിയിരുന്നു.

വിവിധ തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്നാണ് ഈ രഹസ്യ സംഘം യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്. അന്വേഷണ സംഘം കണ്ടെടുത്ത രേഖകളില്‍ നവീന്‍ കുമാര്‍ ഈ രഹസ്യ സംഘത്തിലെ പ്രധാനിയാണെന്ന് വ്യക്തമായിട്ടുണ്ട്. പെട്രോള്‍ ബോംബ് ആക്രമണം, വെടിവയ്പ്പ് തുടങ്ങിയവയില്‍ തെരഞ്ഞെടുത്ത യുവാക്കള്‍ക്ക് സംഘം പരിശീലനവും നല്‍കിയിട്ടുണ്ട്. ഗൗരിയെ വെടിവച്ച വാഗമാറെ 2012-ല്‍ വിജയപുരയില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തി വര്‍ഗീയ സംഘര്‍ഷത്തിന് തിരികൊളുത്താന്‍ ശ്രമിച്ച കുറ്റത്തിന് ജയിലില്‍ കിടന്നയാളാണ്. 2014-ലാണ് ഇയാല്‍ മോചിതനായത്. കര്‍ണാടയ്ക്കു പുറമെ ഈ രഹസ്യ സംഘം മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമാന വര്‍ഗീയ പ്രവര്‍ത്തനങ്ങളില്‍ പങ്കു വഹിക്കുന്നതായും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
 

Latest News