Sorry, you need to enable JavaScript to visit this website.

കവാനി ഡബിളില്‍ ഉറുഗ്വായ്

ഉറുഗ്വായ്ക്കു വേണ്ടി രണ്ടാം ഗോള്‍ നേടിയ എഡിസന്‍ കവാനിയെ ടീമംഗങ്ങള്‍ അഭിനന്ദിക്കുന്നു.
  • ഉറുഗ്വായ് 2 - പോര്‍ച്ചുഗല്‍ 1

സോച്ചി- ഇരുപകുതികളിലായി എഡിസണ്‍ കവാനി നേടിയ ഇരട്ട ഗോളുകള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് റഷ്യയില്‍നിന്ന് മടക്ക ടിക്കറ്റ് സമ്മാനിച്ചു. പെപ്പെയിലൂടെ ഒരു ഗോള്‍ മടക്കിയ പോര്‍ച്ചുഗല്‍ ആവതു ശ്രമിച്ചെങ്കിലും ക്രിസ്റ്റ്യാനോയുടെ ശ്രമങ്ങളെല്ലാം വിഫലമായതോടെ ഉറുഗ്വായ് 2-1 വിജയവുമായി ക്വാര്‍ട്ടറിലേക്ക് മുന്നേറി. വെള്ളിയാഴ്ച ഫ്രാന്‍സുമായാണ് അവരുടെ ക്വാര്‍ട്ടര്‍ പോരാട്ടം.
ഏഴാം മിനിറ്റില്‍ തന്നെ കവാനി ഉറുഗ്വായ്‌യെ മുന്നിലെത്തിച്ചു. ലൂയി സോറസ് നല്‍കിയ ലോംഗ് പാസിന് കവാനി കൃത്യമായി തന്നെയാണ് തല വെച്ചത്. മനഃപൊരുത്തുമുള്ള സഖ്യം ഒത്തുചേര്‍ന്നതോടെ ഉറുഗ്വായ് മുന്നില്‍.
ഗോള്‍ മടക്കാന്‍ നിരന്തരം ശ്രമിച്ച പോര്‍ച്ചുഗല്‍ പന്ത് പരമാവധി നിയന്ത്രണത്തില്‍ വെച്ച് മുന്നേറ്റം നടത്തിയെങ്കിലും ഉറുഗ്വായ് പ്രതിരോധം പിടിച്ചുനിന്നു. 32 ാം മിനിറ്റില്‍ കിട്ടിയ ഫ്രീ കിക്ക് ലക്ഷ്യത്തിലെത്താന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞില്ല.
55 ാം മിനിറ്റിലാണ് പോര്‍ച്ചുഗല്‍ കാത്തിരുന്ന ഗോള്‍ പിറന്നത്.
റഫായേല്‍ ഗുരേറോയുടെ കോര്‍ണര്‍ കിക്കിന് റൊണാള്‍ഡോയും പെപെയുമെല്ലാം ഒരുമിച്ച് ചാടി. പന്ത് കൃത്യമായി ഹെഡ് ചെയ്തത് പെപെയാണ്. ഈ ലോകകപ്പില്‍ ഉറുഗ്വായ് വഴങ്ങുന്ന ആദ്യ ഗോളായി അത്.
എന്നാല്‍ പോര്‍ച്ചുഗലിന്റെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. ഏഴ് മിനിറ്റ് കഴിഞ്ഞപ്പോള്‍ കവാനി വീണ്ടും.  ബെന്റാന്‍കര്‍ നല്‍കിയ ക്രോസില്‍നിന്ന് കവാനി പായിച്ച ഷോട്ട് വലയിലേക്ക് പറന്നിറങ്ങി. പോര്‍ച്ചുഗീസ് ഗോളി പാട്രീഷ്യോക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

Latest News