ന്യൂദല്‍ഹി- എന്‍. ഡി. ടി. വിയില്‍ നിന്നും മുതിര്‍ന്ന ഒരാള്‍ കൂടി രാജിവെച്ചു. ചാനലിലെ പ്രമുഖ അവതാരകയും സീനിയര്‍ ന്യൂസ് എഡിറ്ററുമായ സാറ ജേക്കബാണ് രാജിക്കാര്യം ട്വീറ്റ് ചെയ്തത്.
രണ്ട് പതിറ്റാണ്ടിലേറെയായി എന്‍. ഡി. ടി. വിയില്‍ പ്രവര്‍ത്തിക്കുന്ന സാറ ജേക്കബ് വീ ദ പീപ്പിള്‍ എന്ന പരിപാടിയുടെ അവതാരക കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് സ്ത്രീകളോട് ബഹുമാനം കാണിക്കുന്നത് എന്ന തലക്കെട്ടിലുള്ള വാര്‍ത്ത വായിച്ച സാറ ജേക്കബിന്റെ മുഖഭാവം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ സാറയുടെ രാജിക്ക് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
എന്‍. ഡി. ടി. വിയുടെ മുന്‍ ഉടമസ്ഥരായ ഡോ. പ്രണോയ് റോയിക്കും രാധികാ റോയിക്കും നന്ദി രേഖപ്പെടുത്തിയാണ് സാറ ട്വിറ്ററില്‍ കുറിപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ എന്‍. ഡി. ടി. വി പ്രണോയ് റോയിയില്‍ നിന്നും അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ നിരവധി പേരാണ് രാജിവെച്ചത്.
ഇന്ത്യയിലെ മികച്ച മാധ്യമ സ്ഥാപനങ്ങളിലൊന്ന് കെട്ടിപ്പടുത്ത ഡോ. റോയ്ക്കും രാധികാ റോയിക്കും നന്ദി പറയുന്നുവെന്നും തന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ നിരവധി സഹപ്രവര്‍ത്തകരെ ഓര്‍ക്കുന്നുവെന്നും അവരുമായി ചേര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഓര്‍മകള്‍ക്കും നന്ദിയുണ്ടെന്നും സാറ കുറിപ്പില്‍ വിശദീകരിക്കുന്നു. 2001 മുതല്‍ 2023 വരെ വ്യത്യസ്ത രീതികളില്‍ ജോലി ചെയ്ത് ആസ്വദിച്ചതായും റിപ്പോര്‍ട്ടറില്‍ തുടങ്ങി തുടര്‍ച്ചയായി മികവിനുള്ള അവസരങ്ങളാണ് തനിക്ക് എന്‍. ഡി. ടി. വി നല്‍കിയതെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. തന്റെ പ്രേക്ഷകര്‍ക്കും പിന്തുണച്ചവര്‍ക്കും വിമര്‍ശനങ്ങള്‍ പറഞ്ഞവര്‍ക്കും പ്രത്യേകം നന്ദി പറയുന്ന കുറിപ്പില്‍ കൂടുതല്‍ പഠിക്കാനും പുരോഗതിയുണ്ടാക്കാനും സഹായിച്ചതായും വിശദീകരിക്കുന്നു. തന്റെ വി ദി പീപ്പിള്‍ ഷോയെ തനിക്ക് മിസ് ചെയ്യുമെങ്കിലും തുടര്‍ന്നു വരുന്നയാളും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്ന പ്രത്യാശയുണ്ടെന്നും പറയുന്ന കുറിപ്പ് പതിവ് ഇംഗ്ലീഷ് അവതരണ രീതിയില്‍ ദിസ് ഈസ് സാറ ജേക്കബ് സൈനിംഗ് ഓഫ് ഫ്രം എന്‍. ഡി. ടി. വി എന്നു കുറിച്ചാണ് അവസാനിപ്പിച്ചിരിക്കുന്നത്.