മണ്ണാര്‍ക്കാട് - അദാലത്ത് പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ താമസ സ്ഥലത്തുനിന്ന് പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.5 കോടി രൂപ കണ്ടെടുത്തു. മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ നടത്തിയ പരിശോധനയിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ഉള്‍പ്പെടെ കണ്ടെടുത്തത്. രാത്രി എട്ടരയോടെയാണ് വിജിലന്‍സ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയത്. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശിയാണ് സുരേഷ് കുമാര്‍.
വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ രാവിലെ വിജിലന്‍സിന്റെ പിടിയിലായത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എന്‍.ഷംസുദ്ദീന് എം.എല്‍. എ, കലക്ടര്‍ ഡോ.എസ്.ചിത്ര, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ തുടങ്ങിയവര്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് ഓഡിറ്റോറിയത്തില്‍ കരുതലും കൈത്താങ്ങും അദാലത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് പുറത്ത് കൈക്കൂലിക്കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിലാകുന്നത്.
പാലക്കയം വില്ലേജ് പരിധിയില്‍ 45 ഏക്കര്‍ സ്ഥലമുള്ള മഞ്ചേരി സ്വദേശി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. വില്ലേജ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഫയല്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ കൈവശമാണെന്നറിഞ്ഞു. സുരേഷ് കുമാറിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുമായി മണ്ണാര്‍ക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എം.ഇ.എസ് കോളജില്‍ എത്താനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന് ഈ വിവരം പാലക്കാട് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.