Sorry, you need to enable JavaScript to visit this website.

ശാഫി സഅദിയടക്കം നാലുപേരുടെ വഖഫ് ബോര്‍ഡ് അംഗത്വം കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കി

ബംഗളൂരു- കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡന്റായ മൗലാനാ കെ.കെ. മുഹമ്മദ് ശാഫി സഅദിയുടെതടക്കം നാലു പേരുടെ നോമിനേഷന്‍ കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കി. ശാഫിക്കു പുറമെ, മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നിവര്‍ക്കാണ് വഖഫ് ബോര്‍ഡ് അംഗത്വം നഷ്ടപ്പെട്ടത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെ ശാഫി സഅദി നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ബി.ജെ.പി പിന്തുണയോടെയാണ് അദ്ദേഹം നേരത്തെ വഖഫ് പ്രസിഡന്റായിരുന്നത്.
സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും മുസ്‌ലിംകള്‍ക്ക് നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസ് വിജയത്തിനു പിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവന.
2021 നവംബര്‍ 17നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടക മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായ ശാഫി സഅദി വിജയിച്ചത്. കാന്തപുരം വിഭാഗം സംഘടനയാണ് മുസ്്‌ലിം ജമാഅത്ത്.
2010ലും 2016ലും എസ്.എസ്.എഫ് കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ശാഫി സഅദി, ഉത്തര കര്‍ണാടകയില്‍ അല്‍ ഇഹ്‌സാന്‍ വിദ്യാഭ്യാസ കോംപ്ലക്‌സിന്റെ മുഖ്യ സംഘാടകനാണ്.  മുസ്‌ലിം ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടുള്ള ശാഫിയുടെ പ്രസ്താവനയില്‍ ദുരൂഹത ആരോപിച്ച് തുടക്കം മുതല്‍തന്നെ കോണ്‍ഗ്രസും മറ്റും സംഘടനകളും രംഗത്തുവന്നിരുന്നു.  ബി.ജെ.പിയുടെ സ്വരമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

 

 

Latest News