- മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും അധികാരം പങ്കിടൽ കരാറിനെക്കുറിച്ചും പരസ്യമായി പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് തങ്ങളുടെ വിശ്വസ്തരോട് നിർദേശിക്കാൻ സിദ്ധരാമയ്യയോടും ഡി.കെ ശിവകുമാറിനോടും എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല നിർദേശിച്ചു.
ബെംഗളൂരു - കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ അപകടപ്പെടുത്തുന്ന പ്രസ്താവനകൾ ആരിൽനിന്നും ഉണ്ടാകരുതെന്ന കർശന നിർദേശവുമായി എ.ഐ.സി.സി നേതൃത്വം. കർണാടകയിൽ അഞ്ചുവർഷവും സിദ്ധരാമയ്യ തന്നെയാവും മുഖ്യമന്ത്രിയെന്ന മന്ത്രി എം.ബി പാട്ടീലിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് എ.ഐ.സി.സിയുടെ നിർദേശം.
കർണാടകയിലെ സത്യപ്രതിജ്ഞ കഴിഞ്ഞ് ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെയുടെയും ക്യാമ്പുകൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് വളരെ ജാഗ്രതയോടെയുള്ള നേതൃത്വത്തിന്റെ ഓർമപ്പെടുത്തൽ.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചും അധികാരം പങ്കിടൽ കരാറിനെക്കുറിച്ചും പരസ്യമായി പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് തങ്ങളുടെ വിശ്വസ്തരോട് നിർദേശിക്കാൻ സിദ്ധരാമയ്യയോടും ഡി.കെ ശിവകുമാറിനോടും എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞതായും വിവരമുണ്ട്.
മന്ത്രിയുടെ പ്രസ്തനവനയിൽ ഉപമുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് പാർട്ടി അധ്യക്ഷനുമായ ഡി.കെ ശിവകുമാറും പ്രതികരിച്ചു. 'ആരും അവർക്കാവശ്യമുള്ള എന്തും സംസാരിക്കട്ടെ. ഇക്കാര്യങ്ങൾ പരിശോധിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിയുണ്ട്, മുഖ്യമന്ത്രിയുണ്ട്, എ.ഐ.സി.സി അധ്യക്ഷനുണ്ട്. അധികാരം പങ്കിടൽ കരാർ അടക്കം എല്ലാം പാർട്ടി ഹൈക്കമാൻഡിന് അറിയാമെന്നും' അദ്ദേഹം പാർട്ടി സെക്രട്ടേറിയറ്റിൽ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയിൽ ഡി.കെയുടെ സഹോദരനും കർണാടകയിൽനിന്ന് വിജയിച്ച കോൺഗ്രസിന്റെ ഏക എം.പിയുമായ ഡി.കെ സുരേഷും പ്രതികരിച്ചു. 'എനിക്ക് ഉചിതമായ മറുപടി നൽകാം. പക്ഷേ, ഞാനത് ചെയ്യില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. നിങ്ങൾ മാധ്യമപ്രവർത്തകർക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയെ കാണാനും എം.ബി പാട്ടീൽ പറഞ്ഞതിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും കഴിയുമെന്നും' ലോക്‌സഭയിൽ ബെംഗളൂരു റൂറലിനെ പ്രതിനിധീകരിക്കുന്ന സുരേഷ് പറഞ്ഞു.
അതിനിടെ, താൻ പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്നും മുതിർന്ന നേതാക്കൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച കാര്യം ആവർത്തിക്കുക മാത്രമാണ് ഞാൻ ചെയ്തതെന്നും മന്ത്രി എം.ബി പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി. തീരുമാനങ്ങൾ എല്ലാം ഹൈക്കമാൻഡിൽനിന്നാണ്. അതനുസരിച്ച് പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകരായി തുടരാനാണ് താൽപര്യമെന്നും വിവാദങ്ങൾക്ക് താൽപര്യമില്ലെന്നും ചില കോൺഗ്രസ് എം.എൽ.എമാരും പ്രതികരിച്ചു.
മന്ത്രിസഭാ വിപുലീകരണത്തിന്റെയും വകുപ്പുകളുടെ വീതം വയ്ക്കലിന്റെയും നിർണായക ചർച്ചകളുടെ ഘട്ടത്തിലാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ. ഭരണത്തിനോ പാർട്ടി പ്രവർത്തനങ്ങൾക്കോ കല്ലുകടിയുണ്ടാക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന കർശന നിർദേശമാണ് നേതൃത്വം നേതാക്കൾക്കും അണികൾക്കും നൽകുന്നത്. വരാനിരിക്കുന്ന പാർല്ലമെന്റ് തെരഞ്ഞെടുപ്പിൽ ഇതിലും മികച്ച വിജയം കർണാടകയിൽ ആവർത്തിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.