ബെംഗളൂരു - കർണാടകയിൽ കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുമെന്ന പ്രചാരണം തള്ളി മന്ത്രി എം.ബി പാട്ടീൽ രംഗത്ത്.
സംസ്ഥാനത്ത് അഞ്ചുവർഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി ഭരിക്കുമെന്ന് മന്ത്രി എം.ബി പാട്ടീൽ പറഞ്ഞു. മുഖ്യമന്ത്രി പദവി കൈമാറ്റം രണ്ടര വർഷത്തിനുശേഷം വേണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. അങ്ങനെ ഒരു തീരുമാനവും ഹൈക്കമാൻഡ് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ചുവർഷവും സിദ്ധരാമയ്യ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ഡി.കെ-സിദ്ധരാമയ്യ സമവാക്യത്തിൽ കൂടുതൽ പരുക്കുണ്ടാക്കുന്ന പ്രഖ്യാപനമാണ് മന്ത്രി എം.ബി പാട്ടീൽ നടത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇത്തരമൊരു പ്രഖ്യാപനം നടത്താൻ മന്ത്രിയെ ആരും ചുമതലപ്പെടുത്തിയിട്ടുമില്ല. തീർത്തും അനവസരത്തിലുള്ളതും പാർട്ടിയിൽ വിഭാഗീയതയ്ക്ക് വളം വയ്ക്കുന്നതുമാണ് മന്ത്രിയുടെ പ്രസ്താനവയെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും മന്ത്രി പ്രസ്താനവയിൽ ഉറച്ചുനിൽക്കുകയാണ്.
'മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ ധാരണ നിലവിലില്ല. തർക്കം പരിഹരിച്ചതിന് ശേഷമാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. അധികാര കൈമാറ്റം ഇനിയില്ല. അത്തരം കരാറുകളെ കുറിച്ച് ഹൈക്കമാൻഡ് ഞങ്ങളെ അറിയിച്ചിട്ടില്ല. അടുത്ത അഞ്ച് വർഷത്തേക്ക് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് എ.ഐ.സി.സി സംഘാടനാ കാര്യ ചുമതലയുള്ള ജനറൾസെക്രട്ടറി കെ.സി വേണുഗോപാലും വ്യക്തമാക്കിയതാണ്'- മന്ത്രി എം.ബി പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം നടക്കവേയാണ് മന്ത്രിയുടെ വിവാദ പരാമർശം. ഉപമുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഡി.കെ ശിവകുമാർ ക്യാമ്പിന് കനത്ത പ്രഹരമാണ് മന്ത്രിയുടെ പ്രസ്താവന. തീർത്തും നിരുത്തരവാദപരമായ മന്ത്രിയുടെ വാക്കുകൾ കർണാടക രാഷ്ട്രീയത്തിൽ കൂടുതൽ പുകച്ചിലുണ്ടാക്കുമെന്നും രാഷ്ട്രീയ എതിരാളികൾക്ക് വടി കൊടുക്കുന്നതാണെന്നുമുള്ള അഭിപ്രായം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.
ഇന്ന് ആരംഭിച്ച മൂന്ന് ദിവസത്തേക്കുള്ള നിയമസഭാ സമ്മേളനത്തിൽ പ്രോ ടൈം സ്പീക്കറായി ആർ.വി ദേശ്പാണ്ടേയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ ആഴ്ച തന്നെ മന്ത്രിസഭാ വികസനത്തിനുള്ള തിരിക്കിട്ട നീക്കങ്ങളും നടക്കുകയാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എട്ട് മന്ത്രിമാരുമാണ് നിലവിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തിട്ടുള്ളത്.
അതിനിടെ, മന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുമ്പിൽ ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. മുതിർന്ന നേതാവും എം.എൽ.എയുമായ ജി.എസ് പാട്ടീലിന്റെ അനുയായികളാണ് സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ മന്ത്രിസ്ഥാനത്തിനായി പ്രതിഷേധവുമായി സംഘടിച്ചെത്തിയത്.