Sorry, you need to enable JavaScript to visit this website.

ഇന്‍ഷുറന്‍സില്‍ ഒരു തവണ പല്ല് ക്ലീന്‍ ചെയ്യാം; സൗദിയില്‍ പുതിയ പോളിസി

റിയാദ് - ഉപയോക്താക്കൾക്ക് കൂടുതൽ ചികിത്സാ കവറേജുകൾ ഉറപ്പു വരുത്തുന്ന പുതിയ ഏകീകൃത ആരോഗ്യ ഇൻഷുറൻസ് പോളിസി ഇന്നു മുതൽ നിലവിൽ വരുമെന്ന് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് അൽഹുസൈൻ അറിയിച്ചു. ഇന്നു മുതൽ എടുക്കുന്ന പുതിയ പോളിസികൾക്കും പുതുക്കുന്ന പോളിസികൾക്കും പുതിയ ഏകീകൃത പോളിസി വ്യവസ്ഥകൾ ബാധകമായിരിക്കും. നിലവിൽ കാലാവധിയുള്ള പഴയ പോളിസികൾ കാലാവധി പൂർത്തിയാകുന്നതു വരെ അതേപോലെ തുടരും. 

സൗദിയില്‍ ഷോക്കടിപ്പിച്ച വൈദ്യുതി ബിൽ:  ശൂറാ കൗൺസിൽ ഇടപെടുന്നു


ദന്തരോഗം, മോണരോഗം, പോളിസി കാലത്ത് ഒരു തവണ പല്ല് ക്ലീൻ ചെയ്യുന്നതിനുള്ള ചെലവ്, കുട്ടികൾക്കുള്ള ആർ.എസ്.വി കുത്തിവെപ്പ്, ശ്രവണ വൈകല്യം മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള പരിശോധന, നവജാത ശിശുക്കളിലെ ജന്മനായുള്ള ഹൃദ്രോഗം എന്നിവക്കുള്ള ചികിത്സ പുതിയ പോളിസിയിൽ ഉൾപ്പെടും. അമിത വണ്ണത്തിന് ആമാശയം ബന്ധിക്കുന്നതിനുള്ള ശസ്ത്രക്രിയ, മാനസിക രോഗം, വൈദ്യശാസ്ത്രപരമായി ആവശ്യമുള്ള സാഹചര്യങ്ങളിൽ ഇരുപത്തിനാലു മാസം വരെ കുട്ടികൾക്കുള്ള ബേബി ഫുഡ്, ഐസൊലേഷൻ വാർഡുകളിലെ ചികിത്സ എന്നിവക്കുള്ള ചെലവുകൾക്കും പുതിയ പോളിസി പ്രകാരം കവറേജ് ലഭിക്കും. 


ഒരു വർഷത്തെ പരമാവധി കവറേജ് തുക പുതിയ പോളിസിയിലും അഞ്ചു ലക്ഷം റിയാലായി തുടരും. പരിശോധന, രോഗനിർണയം, ചികിത്സ, മരുന്നുകൾ, കിടത്തി ചികിത്സക്കുള്ള ചെലവുകൾ എന്നിവയെല്ലാം ഇൻഷുറൻസ് പോളിസി പരിരക്ഷയിൽ ഉൾപ്പെടും. പുതിയ ഏകീകൃത പോളിസി അനുശാസിക്കുന്നതിൽ കുറഞ്ഞ പ്രയോജനങ്ങൾ ഉൾപ്പെടുത്തിയ പോളിസികൾ ഇഷ്യൂ ചെയ്യുന്നതിന് ഇന്നു മുതൽ കമ്പനികളെ അനുവദിക്കില്ല. കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് കൗൺസിലിന് ലഭിച്ച നിർദേശങ്ങളും പരാതികളും പങ്കാളികളുമായി ചേർന്ന് വിശദമായി പഠിച്ചാണ് കൂടുതൽ കവറേജുകൾ ലഭിക്കുന്ന നിലക്ക് ഏകീകൃത പോളിസി പരിഷ്‌കരിച്ചിരിക്കുന്നതെന്ന് മുഹമ്മദ് അൽഹുസൈൻ പറഞ്ഞു.

 

Latest News