ന്യൂദൽഹി- ജയിലിൽ കഴിയുന്ന ദൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് നേരെ കോടതിയിൽ കയ്യേറ്റശ്രമം. സിസോദിയയെ കോടതിയിൽ ഹാജരാക്കുന്നതിന്റെ വീഡിയോ ചൂണ്ടിക്കാട്ടി അരവിന്ദ് കെജ്രിവാളും മറ്റ് ആം ആദ്മി പാർട്ടി (എഎപി) നേതാക്കളും ദൽഹി പോലീസിന് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സിസോദിയയെ കോടതിയിൽ ഹാജരാക്കിയത്. ഇതിനിടെ ഒരു മാധ്യമ പ്രവർത്തകൻ സിസോദിയയോട് ചോദ്യങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ എ.കെ സിംഗ് റിപ്പോർട്ടർമാരുടെ ഫോണുകൾ വലിച്ചെറിയാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് പോലീസ് ഉദ്യോഗസ്ഥൻ മനീഷ് സിസോദിയയുടെ കഴുത്തിൽ പിടിച്ചുവലിച്ച് കൊണ്ടുപോകുകയായിരുന്നു.
Shocking misbehaviour by this policeman with Manish ji in Rouse Avenue Court. Delhi police should suspend him immediately. pic.twitter.com/q9EU0iGkPL
— Atishi (@AtishiAAP) May 23, 2023
'മോദിജി വളരെ അഹങ്കാരിയായി മാറിയിരിക്കുന്നു, അദ്ദേഹം ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്ന് സിസോദിയ പറഞ്ഞു.
'മനീഷ് ജിയോട് ഇത്തരത്തിൽ മോശമായി പെരുമാറാൻ പോലീസിന് അവകാശമുണ്ടോ? പോലീസിനോട് ഇത് ചെയ്യാൻ മുകളിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? വീഡിയോ ഹൈലൈറ്റ് ചെയ്തുകൊണ്ട് വിദ്യാഭ്യാസ മന്ത്രി അതിഷിയുടെ പോസ്റ്റ് ഷെയർ ചെയ്ത് അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
റൗസ് അവന്യൂ കോടതിയിൽ മനീഷ് ജിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെ ഉടൻ സസ്‌പെന്റ് ചെയ്യണമെന്ന് അതിഷി ആവശ്യപ്പെട്ടു. അതേസമയം, സിസോദിയയോട് അപമര്യാദയായി പെരുമാറിയത് വ്യാജപ്രചാരണമാണെന്ന് ആരോപിച്ച് ദൽഹി പൊലീസ് ട്വീറ്റ് ചെയ്തു.
വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലീസ് നടപടി സുരക്ഷയ്ക്ക് ആവശ്യമായിരുന്നു. ഒരു പ്രതിയും മാധ്യമങ്ങൾക്ക് മൊഴി നൽകുന്നത് നിയമവിരുദ്ധമാണെന്ന് പോലീസ് ട്വീറ്റിൽ പറഞ്ഞു.