Sorry, you need to enable JavaScript to visit this website.

VIDEO വിഭജനം വേര്‍പെടുത്തിയ ആങ്ങളയും പെങ്ങളും 75 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി

ലാഹോര്‍-75 വര്‍ഷം മുമ്പ് വിഭജന സമയത്ത് വേര്‍പിരിഞ്ഞയാളും സഹോദരിയും കര്‍താര്‍പൂര്‍ ഇടനാഴിയില്‍ വെച്ച് വീണ്ടും ഒന്നിച്ചു. സോഷ്യല്‍ മീഡിയയാണ് വൈകാരികമായ ഈ കൂടിക്കാഴ്ച സാധ്യമാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇന്ത്യയില്‍ നിന്നുള്ള മഹേന്ദ്ര കൗറും (81) പാക്കധീന കശ്മീരില്‍നിന്നുള്ള  ശൈഖ് അബ്ദുല്‍ അസീസും (78)
1947ലെ വിഭജന സമയത്ത് വേര്‍പിരിഞ്ഞ സഹോദരങ്ങളാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തിരിച്ചറിഞ്ഞത്.  
വിഭജന സമയത്ത്, പഞ്ചാബിന്റെ ഇന്ത്യന്‍ ഭാഗത്ത് നിന്നുള്ള സര്‍ദാര്‍ ഭജന്‍ സിങ്ങിന്റെ കുടുംബം വേര്‍പിരിയുകയായിരുന്നു. അസീസ് പാക് അധീന കശ്മീരിലേക്ക് മാറിയപ്പോള്‍ അദ്ദേഹത്തിന്റെ മറ്റ് കുടുംബാംഗങ്ങള്‍ ഇന്ത്യയില്‍ തുടരുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചെങ്കിലും മാതാപിതാക്കളുമായും മറ്റ് കുടുംബാംഗങ്ങളുമായും വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു.
ഇവരരുടെ വേര്‍പിരിയല്‍ വിശദമായി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിശദമായി വന്നതിനെ തുടര്‍ന്നാണ് മഹേന്ദ്ര കൗറും അസീസും യഥാര്‍ത്ഥത്തില്‍ സഹോദരങ്ങളാണെന്ന് രണ്ട് കുടുംബങ്ങളും കണ്ടെത്തിയത്.

സന്തോഷത്താല്‍ വീര്‍പ്പുമുട്ടിയ മഹേന്ദ്ര കൗര്‍ തന്റെ സഹോദരനെ വീണ്ടും വീണ്ടും ആലിംഗനം ചെയ്ത് അദ്ദേഹത്തിന്റെ കൈകളില്‍ ചുംബിച്ചു. രണ്ട് കുടുംബങ്ങളും ഒരുമിച്ച് കര്‍താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിച്ചു. ഒത്തുചേരലിന്റെ പ്രതീകമായി അവര്‍ സമ്മാനങ്ങളും കൈമാറി.
ആഹ്ലാദകരമായ ഒത്തുചേരലിനുശേഷം, കര്‍താര്‍പൂര്‍ അധികൃതര്‍ ഇരുകുടുംബങ്ങളെയും മാലകളിട്ട് സ്വീകരിക്കുകയും  മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
സിഖ് മത സ്ഥാപകന്‍ ഗുരു നാനാക്ക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിനെയും ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനാക്ക് ദേവാലയവുമായി ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പൂര്‍ ഇടനാഴി. നാല്
കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴി ഇന്ത്യക്കാരായ സിഖ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ വിസയില്ലാതെ പ്രവേശനം നല്‍കുന്നു.

 

Latest News