തഞ്ചാവൂര്‍ - തമിഴ്‌നാട്ടില്‍ വീണ്ടും വ്യാജമദ്യ ദുരന്തം. തഞ്ചാവൂരില്‍ ബാറില്‍ നിന്നും മദ്യം വാങ്ങി കഴിച്ച രണ്ടു പേര്‍ മരിച്ചു. പടവെട്ടിയമ്മന്‍ കോവില്‍ തെരുവിലെ കുപ്പുസ്വാമി, വിവേക് എന്നിവരാണ് മരിച്ചത്. മദ്യവില്‍പന ശാല പൊലിസ് സീല്‍ ചെയ്തു. ഒരാഴ്ച മുന്‍പ് 22 പേരാണ് വ്യാജ മദ്യദുരന്തത്തില്‍ തമിഴ്‌നാട്ടില്‍ മരണമടഞ്ഞിരുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി ലംഘിച്ച് പ്രവര്‍ത്തിച്ച ബാറില്‍ നിന്നും ഇന്നു രാവിലെ പത്തരയോടെയാണ് ഇരുവരും മദ്യം വാങ്ങിയത്. ബാറില്‍ വച്ചുതന്നെ മദ്യം കഴിച്ച്, അല്‍പസമയത്തിനു ശേഷം കുപ്പസ്വാമി ബോധരഹിതനായി വീണു. ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട വിവേകിനെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.