രണ്ടു തരം കണക്ക് പരീക്ഷയുമായിസി.ബി.എസ്.ഇ
കഠിന പരീക്ഷ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് മാത്രം
ന്യൂദല്‍ഹി- കണക്കു പരീക്ഷ കഠോരമാണെന്ന പരാതി ഒഴിവാക്കാന്‍ സി.ബി.എസ്.ഇയുടെ എളുപ്പവിദ്യ. 11, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന വിധത്തില്‍ എളുപ്പമുള്ളതും കട്ടി കൂടിയതുമായി രണ്ടു തരം ചോദ്യപേപ്പറുകളാണ് സി.ബി.എസ.്ഇ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ സി.ബി.എസ്.ഇ അംഗീകരിച്ചു. ഇനി എന്‍.സി.ഇ.ആര്‍.ടി കൂടി അംഗീകാരം നല്‍കിയാല്‍ 2019-2020 വര്‍ഷത്തോടെ പുതിയ സ്‌കീം ആരംഭിക്കും.
സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ടു തരം കണക്കു പേപ്പറുകളാണ് സിബിഎസ്ഇ അവതരിപ്പിക്കുന്നത്. ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് കണക്ക് കട്ടി കുറഞ്ഞതും അഡ്വാന്‍സ്ഡ് കട്ടി കൂടിയതുമായിരിക്കും. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് താരതമ്യേന എളുപ്പമായ സ്റ്റാര്‍ഡേര്‍ഡ് കണക്ക് പേപ്പര്‍. സയന്‍സ് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കുള്ളതാണ് കടുപ്പം കൂടിയ അഡ്വാന്‍സ്ഡ് കണക്ക് പേപ്പര്‍. അവധിക്കാല ക്ലാസുകളില്‍ സി.ബി.എസ്.ഇ ഇത്തരത്തില്‍ രണ്ടു തരം കണക്കു പേപ്പറുകള്‍ അവതരിപ്പിച്ചിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ കണക്കു പരീക്ഷ രണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. എന്‍.സി.ഇആര്‍.ടി അംഗീകാരം നല്‍കിയാല്‍ യു.ജി.സിയോ അതിനു പകരം വരുന്ന ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയോ ഇക്കാര്യം പരിഗണിക്കും.
കഴിഞ്ഞ വര്‍ഷം മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എന്‍.സി.ഇ.ആര്‍.ടി നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും കണക്ക് ഒരു പേടിപ്പിക്കുന്ന വിഷയമാണെന്ന് പ്രതികരിച്ചിരുന്നു. അതിനോടനുബന്ധിച്ച് എന്‍.സി.ഇ.ആര്‍.ടിയുടെ കീഴിലുള്ള 15 ബോര്‍ഡുകളിലെയും സ്‌കൂളുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. കണക്കു പരീക്ഷകള്‍ സി.ബി.എസ്.ഇ അംഗീകരിച്ച ശുപാര്‍ശ ഇപ്പോള്‍ എന്‍.സി.ഇ.ആര്‍.ടിയുടെ പരിഗണനയിലാണ്. പാഠ്യപദ്ധതി പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് 33,000 നിര്‍ദേശങ്ങളാണ് ഇത്തവണ എന്‍.സി.ഇ.ആര്‍.ടിക്ക് ലഭിച്ചത്.
സി.ബി.എസ്.ഇ കണക്കു പരീക്ഷയുടേതടക്കം ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ ആഗോള തലത്തില്‍ പല രാജ്യങ്ങളിലും സ്വീകരിച്ച രീതിയാണ് രണ്ടു തരം കണക്കു പരീക്ഷകള്‍. കേംബ്രിജ് ഇന്റര്‍നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എജുക്കേഷനും ഇതേ രീതിയാണ് പിന്തുടരുന്നത്.