ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കള്ളപ്പണത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ നടത്തിയ പ്രസ്താവന പങ്കുവെച്ചവരില്‍ ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയും. രാഹുലിന്റെ ട്വീറ്റ് മല്യ റീട്വീറ്റ് ചെയ്തതു ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി ബി.ജെ.പി രംഗത്തുവന്നു.
വന്‍ തട്ടിപ്പുകാരന്റെ മഹാസഖ്യമെന്നാണ് ബി.ജെ.പി വക്താവ് അനില്‍ ബാലുനി യുടെ വിമര്‍ശം.
കഴിഞ്ഞ ദിവസമാണ് മോഡിക്കെതിരെ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. 2014ല്‍ നരേന്ദ്രമോഡി പറഞ്ഞു, സ്വിസ് ബാങ്കിലുള്ള എല്ലാ കള്ളപ്പണവും മടക്കിക്കൊണ്ടു വരുമെന്നും ഇന്ത്യയിലെ എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കുമെന്നും. 2016ല്‍ മോഡി പറഞ്ഞു നോട്ട് അസാധുവാക്കല്‍ ഇന്ത്യയിലെ കള്ളപ്പണത്തെ മുഴുവന്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന്. 2018ല്‍ മോഡി പറയുന്നു സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ സമ്പാദ്യത്തില്‍ 50 ശതമാനം വളര്‍ച്ചയെന്ന്. മാത്രവുമല്ല കള്ളപ്പണമൊന്നും ബാങ്ക് അക്കൗണ്ടുകളില്‍ ഇല്ലെന്നും...' രാഹുലിന്റെ ഈ ട്വീറ്റാണ് വിജയ് മല്യ ഷെയര്‍ ചെയ്തത്.
ബാങ്കുകളില്‍നിന്ന് കോടിക്കണക്കിനു രൂപ വായ്പയെടുത്തു തിരിച്ചടക്കാതെ മുങ്ങിയ മല്യ ഇപ്പോള്‍ ലണ്ടനിലാണ്.
കോണ്‍ഗ്രസുമായി എന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണു മല്യയെന്നും അതുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ് പങ്കുവെച്ചതെന്നും ബി.ജെ.പി വക്താവ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരണകാലത്താണു ബാങ്കുകളില്‍നിന്നു മല്യയ്ക്കു പണം ലഭ്യമാക്കിയതെന്നും ബി.ജെ.പി വക്താവ് കൂട്ടിച്ചേര്‍ത്തു.