ബഹിരാകാശ നിലയത്തില്‍ സൗദി യാത്രികര്‍ക്ക് ഊഷ്മള സ്വീകരണം; വീഡിയോ കാണാം

റിയാദ്- ചരിത്രം കുറിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ സൗദി യാത്രികര്‍ക്ക് അവിടെ നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്ന യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍നെയാദിയുടെ വക ഊഷ്മള സ്വീകരണം.
അറബ് ലോകത്തെ ആദ്യത്തെ വനിത ഉള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെ അയച്ചാണ് സൗദി അറേബ്യ ചരിത്രം സൃഷ്ടിച്ചത്.  യു.എ.ഇ ബഹിരാകാശയാത്രികന്‍ സുല്‍ത്താന്‍ നെയാദി പുതിയ സഞ്ചാരികളുടെ ഫോട്ടോകള്‍ എടുക്കുന്നതും അവര്‍ക്ക്  വെള്ളവും ലഘുഭക്ഷണവും നല്‍കുന്ന വീഡിയോ പുറത്തുവന്നു.
കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണും പൈലറ്റ് ജോണ്‍ ഷോഫ്‌നറും ഉള്‍പ്പെടുന്ന ആക്‌സിയം മിഷന്‍ 2ന്റെ ഭാഗമാണ് സൗദിക്കാരായ റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും ബഹിരാകാശ നിലയത്തിലെത്തിയത്.  ഇവരുടെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം സൗദി സമയമം വൈകിട്ട് 4.12ന് ഐഎസ്എസില്‍ എത്തി.
നാല് ബഹിരാകാശയാത്രികരും 16 മണിക്കൂര്‍ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.  എട്ട് ദിവസം ഇവര്‍ ബഹിരാകാശ നിലയത്തില്‍  ചെലവഴിക്കും.

അല്‍നെയാദി ഉള്‍പ്പെടെ ഐഎസ്എസിലുള്ളവര്‍ക്കായി സൗദി ബഹിരാകാശയാത്രികര്‍ പരമ്പരാഗത കാപ്പിയും ഈന്തപ്പഴവും എത്തിച്ചിരുന്നു.
ബഹിരാകാശയാത്രികര്‍ മെയ് 30 ന് ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചു പുറപ്പെടുമെന്നാണ് നാസയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
ഭ്രമണപഥത്തിലെ ബഹിരാകാശ ലബോറട്ടറിയില്‍ ആദ്യമായാണ് രണ്ട് അറബ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന യാത്രികര്‍ എത്തിയത്.  മൂന്ന് അറബ് ബഹിരാകാശ സഞ്ചാരികള്‍ ആദ്യമായി ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ മുകളിലുള്ള ഒരു ശാസ്ത്ര ദൗത്യത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.
ലബോറട്ടറിയില്‍  ഹ്യൂമന്‍ ഫിസിയോളജി, ഫിസിക്കല്‍ സയന്‍സ്, സ്റ്റീം തുടങ്ങിയ മേഖലകളില്‍ 20ലധികം ശാസ്ത്ര സാങ്കേതിക പരീക്ഷണങ്ങള്‍ നടത്തും. ആരോഗ്യ സംരക്ഷണം, സാങ്കേതിക വികസനം തുടങ്ങിയ മേഖലകളില്‍ ഭൂമിയിലെ ജീവിതത്തിന് പ്രയോജനം ചെയ്യുന്നതിനായി അറിവ് വിപുലീകരിക്കാന്‍ ഇത് സഹായിക്കും.

 

 

Latest News