കൊല്‍ക്കത്ത- മതം കൊണ്ട് കളിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടിക്കാരെ മുളവടി കൊണ്ട് തല്ലണമെന്ന് പശ്ചിമ ബംഗാളിലെ ബസിര്‍ഹട്ടില്‍നിന്നുള്ള എം.പിയായ നുസ്രത്ത ജഹാന്‍. എം.പിയുടെ പ്രസ്താവന ഏറ്റുപിടിച്ച ബി.ജെ.പി രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. തന്റെ നിയോജക മണ്ഡലത്തിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നടി കൂടിയായ നുസ്രത്ത് ജഹാന്‍.
ഇവര്‍ എന്തൊക്കെ ഗൂഢാലോചനയാണ് നടത്തിയത്. ആളുകള്‍ക്കെതിരെ പലതിനും ശ്രമിച്ചു. മതം ഉപയോഗിച്ച് കളിക്കുകയും ആളുകളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ ഒരു തന്ത്രവും ഫലിക്കാതെ അവര്‍ പരാജയപ്പെട്ടു. ഇപ്പോള്‍ അതിലും വലിയ ഗൂഢാലോചനയാണ് ആസൂത്രണം ചെയ്യുന്നത്. ബംഗാളിലേക്കുള്ള ജനങ്ങളുടെ പണം തടഞ്ഞു. മമതാ ബാനര്‍ജിയുടെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഗൂഢാലോചന നടത്തുന്നത്. സംസ്ഥാനത്തിന് 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് തടഞ്ഞുവെച്ചു. ഒന്നും നല്‍കാത്ത നിങ്ങള്‍ക്ക് ബംഗാളിലെ ജനങ്ങള്‍ വോട്ട് ചെയ്യുമോ-എം.പി ബി.ജെ.പിയോട് ചോദിച്ചു.
നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. നിങ്ങള്‍ക്ക് ഒറ്റ വോട്ട് പോലും കിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഇവിടെ ആരു വന്നാലും അത് ബിജെപിയായാലും കോണ്‍ഗ്രസായാലും ബസിര്‍ഹട്ടിലെ ജനങ്ങള്‍ അവരെ മുളവടികൊണ്ട് അടിക്കും- നുസ്രത്ത് ജഹാന്‍ പറഞ്ഞു.
നുസ്രത്ത് ജഹാന്റെ പ്രസ്താവന ടിഎംസിയും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ വാഗ്വാദത്തിനു കാരണമായിരിക്കയാണ്.
പാര്‍ലമെന്റ് അംഗമായ നുസ്രത്തിനെ രാഷ്ട്രീയ നിരക്ഷരയാണെന്ന് പറയാനാകില്ലെന്നും ബസിര്‍ഹട്ടിലെ അവരുടെ പ്രസ്താവന പ്രകോപനപരമാണെന്നും ബിജെപിയുടെ മുഖ്യ വക്താവ് സമിക് ഭട്ടാചാര്യ ആരോപിച്ചു. ബസിര്‍ഹട്ടിലെ ജനങ്ങള്‍ ഇതിന് ഉചിതമായ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.