ജിസാൻ- ആവശ്യത്തിന് എ.ടി.എമ്മുകളും ബാങ്ക് ശാഖകളുമില്ലാത്തതിനാൽ ബീശയിൽ പണം പിൻവലിക്കുന്നതിന് കടുത്ത തിരക്ക് അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.
വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചകളിലാണ് തിരക്ക് ഏറ്റവും രൂക്ഷം. ഇക്കണോമിക് സിറ്റി പ്രദേശത്ത് പദ്ധതികൾ നടപ്പാക്കുന്ന കമ്പനികൾക്കു കീഴിലെ തൊഴിലാളികൾ കൂട്ടത്തോടെ പണം പിൻവലിക്കുന്നതിന് എത്തുന്നതാണ് അനിയന്ത്രിതമായ തിരക്കിന് ഇടയാക്കുന്നത്.
എ.ടി.എമ്മുകൾക്കു മുന്നിലെ നീണ്ട നിരകൾ സ്വദേശികൾ അടക്കമുള്ളവർക്ക് കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്. പണം പിൻവലിക്കുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരികയാണ്. ഇതുമൂലം സൗദി പൗരന്മാർ അടക്കമുള്ളവർ പണം പിൻവലിക്കുന്നതിന് സമീപ നഗരങ്ങളിലെ ടെല്ലറുകളെ ആശ്രയിക്കുന്നതിന് നിർബന്ധിതരാവുകയാണ്. ബീശയിൽ കൂടുതൽ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നതിനും ശാഖകൾ തുറക്കുന്നതിനും ബാങ്കുകളെ നിർബന്ധിക്കുന്നതിന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി അടക്കമുള്ള വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൂടുതൽ എ.ടി.എമ്മുകളും ബാങ്ക് ശാഖകളും തുറക്കുന്നത് ഇപ്പോൾ അനുഭവപ്പെടുന്ന കടുത്ത തിരക്ക് കുറക്കുന്നതിന് സഹായിക്കുമെന്ന് ഇവർ പറഞ്ഞു.