Sorry, you need to enable JavaScript to visit this website.

പ്രിയപ്പെട്ട അധ്യാപികയെ കാണാന്‍ ഉപരാഷ്ട്രപതി മൈലുകള്‍ താണ്ടിയെത്തി

തലശ്ശേരി -  രത്‌ന ടീച്ചറെ കാണാന്‍, രാഷ്ട്രത്തിന്റെ രണ്ടാം പൗരന്‍ ജഗദീപ് ധന്‍കര്‍ പടികടന്നെത്തിയപ്പോള്‍ സന്തോഷിച്ചത് രത്‌ന ടീച്ചര്‍ മാത്രമല്ല, ചമ്പാട് പ്രദേശമൊന്നാകെയായിരുന്നു. സിനിമാ രംഗങ്ങളെ വെല്ലുന്ന തരമായിരുന്നു, ഈ അപൂര്‍വ സംഗമം. ചമ്പാട് കാര്‍ഗില്‍ സ്റ്റോപ്പിനടുത്ത ആനന്ദില്‍ രത്‌നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ എത്തിയത് അമൂല്യ സമ്മാനവുമായാണ്. ഒരു വിദ്യാര്‍ത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നല്‍കിയ ഗുരു ദക്ഷിണ ആയിരുന്നു ആ സന്ദര്‍ശനം. കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഉപരാഷ്ട്രപതി ടീച്ചറുടെ കാല്‍ തൊട്ട് വന്ദിച്ചു. പിന്നെ കൈകള്‍ ചേര്‍ത്ത് പിടിച്ചു സംസാരിച്ചു.

ഒപ്പമുണ്ടായിരുന്ന പത്‌നി ഡോ. സുധേഷ് ധന്‍ഖറിന് തന്റെ പ്രിയപ്പെട്ട അധ്യാപികയെ ഉപരാഷട്രപതി പരിചയപ്പെടുത്തി. സ്പീക്കര്‍ എ.എന്‍ ഷംസീറും ഉപരാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു. അര മണിക്കൂറോളം തന്റെ അധ്യാപികയുമായി അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചു. ഇളനീരും ചിപ്‌സും നല്‍കിയാണ് ടീച്ചര്‍ തന്റെ ശിഷ്യനെ സല്‍ക്കരിച്ചത്. വീട്ടില്‍ ഉണ്ടാക്കിയ ഇഡ്ഡലിയും ചിപ്‌സും അദ്ദേഹം ഏറെ ആസ്വദിച്ചു കഴിച്ചു.

ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദര്‍ശനം എന്ന് രത്ന ടീച്ചര്‍ പറഞ്ഞു. ശിഷ്യര്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നതാണ് അധ്യാപകര്‍ക്ക് ചരിതാര്‍ഥ്യം നല്‍കുക.
ഈ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല.
ഇന്നലെ ഉച്ചക്ക് 1.33 നാണ് ഉപരാഷ്ട്രപതിയെയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനത്താവളത്തിലെ വരവേല്‍പ്പിനു ശേഷം ഉച്ചക്ക് 1.50 ഓടെ കാര്‍ മാര്‍ഗം ചമ്പാടേക്കു തിരിച്ചു. 2.20 ന് ചമ്പാട് കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള ' ആനന്ദ് ' വീട്ടില്‍ എത്തി. അര മണിക്കൂറിലേറെ അവിടെ ചിലവഴിച്ചു. 3.10 ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലക്കു മടങ്ങി. രത്‌ന ടീച്ചറുടെ സഹോദരന്‍ വിശ്വനാഥന്‍ നായര്‍ ,മകള്‍ നിധി, ഭര്‍ത്താവ് മൃദുല്‍ ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകള്‍ ഇശാനി എന്നിവരാണ് ഉപരാഷ്ട്രപതിയെ സ്വീകരിക്കാന്‍ ചമ്പാട്ടെ വസതി യിലുണ്ടായിരുന്നത്.

Latest News