ജയ്പൂര്‍-നമ്മുടെ സൈനികരുടെ മൃതദേഹങ്ങള്‍ക്കു മുകളിലാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നതെന്ന് പുല്‍വാമ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.
പുല്‍വാമ സംഭവത്തിന് തൊട്ടുപിന്നാലെ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആക്രമണത്തെക്കുറിച്ച് അറിയിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം മിണ്ടാതിരിക്കാന്‍ പറഞ്ഞുവെന്നും സത്യപാല്‍ മാലിക് അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പു പോരാട്ടം നമ്മുടെ സൈനികരുടെ ശരീരത്തിന്മേലാണ് നടന്നത്. ഒരു അന്വേഷണവും നടന്നില്ല. അന്വേഷണം നടന്നിരുന്നെങ്കില്‍ അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രാജിവെക്കേണ്ടി വരുമായിരുന്നു. നിരവധി ഉദ്യോഗസ്ഥര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും വലിയ വിവാദം ഉണ്ടാകുകയും ചെയ്യുമായിരുന്നു- അല്‍വാര്‍ ജില്ലയിലെ ബന്‍സൂരില്‍ നടന്ന പൊതുപരിപാടിയില്‍ സത്യപാല്‍ മാലിക് പറഞ്ഞു.
ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുന്നതിന് മുമ്പ് താന്‍ ഗവര്‍ണറായിരുന്ന ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് മാലിക് വാചാലനായി.
2019 ഫെബ്രുവരി 14 ന് പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിംഗിലായിരുന്നു. അദ്ദേഹം അവിടെ നിന്ന് ഇറങ്ങിയപ്പോള്‍ എനിക്ക് കോള്‍ ലഭിച്ചു. നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും നമ്മുടെ തെറ്റ് കൊണ്ടാണ് അവര്‍ കൊല്ലപ്പെട്ടതെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മിണ്ടാതിരിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്-മാലിക് പറഞ്ഞു.
2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബര്‍ 30 നും ഇടയില്‍ ജമ്മു കശ്മീര്‍ ഗവര്‍ണറായിരിക്കെ ഒരു ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ക്ലിയര്‍ ചെയ്യാന്‍ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന വാദത്തില്‍ സത്യപാല്‍ മാലിക്കിനെ അടുത്തിടെ സിബിഐ ചോദ്യം ചെയ്തിരുന്നു.
അദാനി വിഷയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ അദാനി കോടീശ്വരനായ കഥ പറഞ്ഞ അദ്ദേഹം നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞോ എന്ന് ജനക്കൂട്ടത്തോട് ചോദിച്ചു.
അദാനിക്ക് 20,000 കോടി രൂപ കിട്ടിയെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞതെന്നും അത് എവിടെ നിന്ന് ലഭിച്ചുവെന്നാണ് അദ്ദേഹം സര്‍ക്കാരിനോട് ചോദിച്ചതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
ഞാന്‍ ഗോവയിലായിരുന്നപ്പോള്‍ അവിടെ മുഖ്യമന്ത്രിയുടെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിയോട് പരാതിപ്പെട്ടു. അതിന്റെ ഫലമായി എന്നെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കി.
സര്‍ക്കാര്‍ മാറിയേ തീരൂവെന്നും അതിനുവേണ്ടി ഉണരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിങ്ങള്‍ അവര്‍ക്ക് വീണ്ടും വോട്ട് ചെയ്താല്‍, അതിനുശേഷം നിങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ അവസരം ലഭിക്കില്ല. ഇതിന് ശേഷം നിങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല, ഓരോ തവണയും ഞാന്‍ തന്നെയാണ് ജയിക്കുന്നതെന്നും പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പില്‍ പണം ചെലവഴിക്കുന്നതെന്ന് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.