Sorry, you need to enable JavaScript to visit this website.

റയാനയും അലിയും കുതിച്ചുയര്‍ന്നു, വാനോളമുയര്‍ന്ന് സൗദിയുടെ അഭിമാനം

കേപ് കനാവറല്‍ - ഇത് ചരിത്രമാണ്. ഇതാദ്യമായി രണ്ട് സൗദി ബഹിരാകാശ സഞ്ചാരികള്‍ ആകാശത്തിന്റെ അതിര്‍ത്തി കടക്കുന്നു. അതിലൊന്ന് വനിത. റയാന ബര്‍നാവിയേയും, അലി അല്‍ഖര്‍നിയേയും വഹിച്ചുള്ള ബഹിരാകാശ വാഹനം കേപ് കനാവെറലിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്നു. സൗദി സമയം അര്‍ധരാത്രി 12.37 നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ ബഹിരാകാശ നിലയത്തിലെത്തും.
സൗദി അറേബ്യ മാത്രമല്ല, അറബ് ലോകം മുഴുവന്‍ കാതോര്‍ത്തിരുന്ന ചരിത്രനിമിഷങ്ങളാണ് പിറന്നത്.  ബഹിരാകാശത്തെത്തുന്ന ആദ്യത്തെ സൗദി, അറബ്, മുസ്‌ലിം വനിത എന്ന നിലയില്‍ ചരിത്രം കുറിക്കുകയാണ് റയാന ബര്‍നാവി. സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്‌സിയോം മിഷന്‍ 2 (എ.എസ്്ക-2) ഭാഗമായാണ് ഇവരുടെ ദൗത്യം.
ബഹിരാകാശ യാത്രയുടെ അവസാന വട്ട ഒരുക്കങ്ങളുടെ വീഡിയോറയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും  സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. കൂടെ കൊണ്ടുപോകേണ്ട ബാഗും മറ്റു ഉപകരണങ്ങളും ഉപയോഗിക്കുന്ന രീതിയാണ് പ്രധാനമായും അവര്‍ വിശദീകരിക്കുന്നത്. ഓക്‌സിജന്‍ മാസ്‌ക് ഉപയോഗ രീതിയും അലി അല്‍ഖര്‍നി വിശദീകരിച്ചു.
റയാന ബര്‍നാവി, ബ്രസ്റ്റ് കാന്‍സര്‍ ഗവേഷകയാണ്. അലി അല്‍ ഖര്‍നിയാവട്ടെ യുദ്ധവിമാനത്തിലെ പൈലറ്റും. നാസയുടെ മുന്‍ ആസ്‌ട്രൊനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, അമേരിക്കയിലെ ടെന്നസ്സിയില്‍നിന്നുള്ള ബിസിനസുകാരനായ ജോണ്‍ ഷോഫ്‌നര്‍ എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു. പെഗ്ഗി വിറ്റ്‌സന്റേത് ഇത് നാലാമത് ബഹിരാകാശ സഞ്ചാരമാണ്. പൈലറ്റ് എന്ന നിലയിലുള്ള ദൗത്യമാണ് ഷോഫ്‌നര്‍ക്ക്. പത്ത് ദിവസം സംഘം ബഹിരാകാശ നിലയത്തിലുണ്ടാവുന്ന സംഘം, ഇരുപതോളം പരീക്ഷണങ്ങള്‍ നടത്തും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ (സീറോ ഗ്രാവിറ്റി)യില്‍ മൂലകോശങ്ങളുടെ (സ്‌റ്റെം സെല്‍) പ്രവര്‍ത്തനത്തെകുറിച്ചുള്ള പരീക്ഷണമാണ് അതില്‍ പ്രധാനം.
ബഹിരാകാശ നിലയില്‍ നിലവില്‍ ഏഴ് സഞ്ചാരികള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. സ്‌പെയ്‌സ് വാക് നടത്തിയ ആദ്യ അറബ് പൗരനായ യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയാണ് അതിലൊരാള്‍. കഴിഞ്ഞ മാസാണ് സുല്‍ത്താന്‍ സ്‌പെയ്‌സ് വാക് നടത്തിയത്. അദ്ദേഹത്തെ കൂടാതെ മൂന്ന് റഷ്യക്കാരും മൂന്ന് അമേരിക്കക്കാരും ബഹിരാകാശ നിലയത്തിലുണ്ട്.
1985ല്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ സൗദി പൗരന്‍. വ്യോമസേന പൈലറ്റായിരുന്ന സുല്‍ത്താന്‍ രാജകുമാരന്‍, യു.എസ് ബഹിരാകാശ സംഘത്തോടൊപ്പമാണ് യാത്ര നടത്തിയത്. 2018ല്‍ സ്ഥാപിതമായ സൗദി സ്‌പെയ്‌സ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷമാണ് കൂടുതല്‍ പേരെ ബഹിരാകാശത്ത് അയക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് നാല് പേര്‍ അമേരിക്കയില്‍ പരിശീലനം നടത്തി. അതില്‍നിന്നാണ് റയാനയും, അലിയും ആദ്യ ദൗത്യത്തിന് പുറപ്പെടുന്നത്.
നാസയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സും ചേര്‍ന്നുള്ള രണ്ടാത്തെ ദൗത്യമാണിത്. 2022 ഏപ്രിലില്‍ നടത്തിയ ആദ്യ ദൗത്യത്തില്‍ മുന്‍ നാസ ആസ്‌ട്രൊനോട്ട് മൈക്കിള്‍ ലോപസ് അലെഗ്രിയ അടക്കം നാല് പേരെ ബഹിരാകാശ നിലയത്തിലെത്തിച്ചു. 17 ദിവസമാണ് അവര്‍ അവിടെ കഴിഞ്ഞത്. ബഹിരാകാശത്ത് സ്വന്തമായി നിലയം സ്ഥാപിക്കാനുള്ള ഒരുക്കത്തലാണ് ആക്‌സിയോം സ്‌പെയ്‌സ്. 2025ല്‍ ഇതിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപിക്കും.

 

 

Latest News