ന്യൂദൽഹി- ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനക്ക് തയ്യാറാണെന്നും എന്നാൽ ്തിന് ഒരു നിബന്ധനയുണ്ടെന്നും റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. 'എന്റെ നാർക്കോ ടെസ്റ്റ്, പോളിഗ്രാഫി ടെസ്റ്റ് (നുണപരിശോധന) എന്നിവ നടത്താൻ ഞാൻ തയ്യാറാണ്, പക്ഷേ എന്നോടൊപ്പം വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും ഈ ടെസ്റ്റുകൾക്ക് വിധേയരാകണം. രണ്ട് ഗുസ്തിക്കാരും അവരുടെ ടെസ്റ്റ് നടത്താൻ തയ്യാറാണെങ്കിൽ, വിളിക്കുക. ഞാനും ഇതിന് തയ്യാറാണെന്ന് ഞാൻ അവർക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്രിജ്ഭൂഷൺ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ബ്രിജ്ഭൂഷണ് എതിരെ വൻ പ്രതിഷേധം ഉയരുന്ന സഹചര്യത്തിലാണ് നാർക്കോ ടെസ്റ്റിന് തയ്യാറാണെന്ന് വ്യക്തമാക്കി ബ്രിജ്ഭൂഷൺ രംഗത്തെത്തിയത്. ഹരിയാനയിലെ മെഹമിൽ നടന്ന ഖാപ് പഞ്ചായത്ത് യോഗം ബ്രിജ്ഭൂഷൺ സിംഗ് നാർക്കോ ടെസ്റ്റിന് വിധേയനാണെന്നും നിയമനടപടി നേരിടണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.
ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മല്ലിക് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ഗുസ്തിക്കാർ ഏപ്രിൽ മുതൽ ദൽഹിയിലെ ജന്തർ മന്ദറിൽ ഡബ്ല്യു.എഫ്.ഐ മേധാവിക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പ്രതിഷേധം നടത്തിവരികയാണ്.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച എം.പി, ഗുസ്തിക്കാർ തന്നെ കുടുക്കാൻ നീക്കം നടത്തുകയാണെന്നും ആരോപിച്ചു. 2014-ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ തുടർന്നതെന്നും സിംഗ് പറഞ്ഞു. 2014ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമിത് ഷാ അതിന് എന്നെ അനുവദിച്ചില്ല.
കൈസർഗഞ്ചിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് ബ്രിജ്ഭൂഷൺ സിംഗ്. ഗുസ്തിക്കാർ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ''ആരെങ്കിലും കള്ളം പറയാൻ തീരുമാനിച്ചാൽ അവർക്ക് അതിന് കഴിയും എന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ മറുപടി.