ഹൈദരബാദ്- ഇരുപത്തിരണ്ടു വയസുള്ള എൻജിനീയറിംഗ് വിദ്യാർഥിനിയെ സീനിയർ വിദ്യാർഥികൾ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്യുന്നത് വീഡിയോയിൽ പകർത്തിയ ശേഷം വിദ്യാർഥിനിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു. വിദ്യാർഥിനിയുടെ പരാതിയിൽ രണ്ടു സീനിയിർ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് പെൺകുട്ടിയെ സീനിയർ വിദ്യാർഥികൾ ബർത്ത്‌ഡേ പാർട്ടിക്കായി കൊണ്ടുപോയത്. അവിടെവെച്ച് പെൺകുട്ടിയെ നിർബന്ധച്ച് മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇക്കാര്യം പറഞ്ഞ് പെൺകുട്ടിയെ പലപ്പോഴായി പീഡിപ്പിക്കുകയും വിവരം പുറത്തുപറയാതിരിക്കാൻ പത്തുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പെൺകുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. നേരത്തെ കോളേജ് അധികൃതരെ സമീപിച്ചെങ്കിലും അവർ പോലീസിന് വിവരം കൈമാറാൻ തയ്യാറായിരുന്നില്ല. കോളേജ് അധികൃതർ ഇത് ഒത്തുതീർക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ വീഡിയോ വിദ്യാർഥികൾ മറ്റൊരു സഹപാഠിക്ക് അയച്ചുകൊടുക്കുകയും ആ വിദ്യാർഥി പെൺകുട്ടിയോട് പണവും ശരീരവും ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി പോലീസിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് വംശി, ശിവ റെഡ്ഢി, പ്രവീൺ എന്നീ വിദ്യാർഥികളെ പോലീസ് പിടികൂടി. മൂവരും ഇരുപത് വയസ് പ്രായമുള്ളവരാണ്.