ഡെറാഡൂൺ-സംഘ്പരിവാർ സംഘടനകളിൽനിന്നുള്ള എതിർപ്പ് ശക്തമായതോടെ മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്ന് വെച്ച് ബി.ജെ.പി നേതാവ്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പൽ ചെയർമാൻ കൂടിയായ ബി.ജെ.പി നേതാവ് യശ്പാൽ ബെനാമാണ് മകളുടെ വിവാഹം ഉപേക്ഷിച്ചത്. വി.എച്ച്.പി, ഭൈരവ് സേന, ബജ്‌റംഗ് ദൾ എന്നീ ഹിന്ദു സംഘടനകളാണ് എതിർപ്പുമായി രംഗത്തെത്തിയത്. ഈ മാസം 28നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. നേരത്തെ മകളുടെ വിവാഹത്തെ ബി.ജെ.പി നേതാവ് ന്യായീകരിച്ചിരുന്നു. ഇത് കുടുംബകാര്യമാണെന്നും കാലം മാറിയത് എല്ലാവരും ഓർക്കണം എന്നുമായിരുന്നു യശ്പാൽ ബെനാമിന്റെ വാദം. എന്നാൽ, വിവാഹക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഘ്പരിവാർ സംഘടനകൾ എതിർപ്പ് ശക്തമാക്കി. മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്യാനുള്ള മുൻ എം.എൽ.എ കൂടിയായ യശ്പാലിന്റെ നീക്കം അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത് എന്നായിരുന്നു ആരോപണം. ഇത് ലവ് ജിഹാദാണ് എന്ന ആരോപണവും ഒരുവിഭാഗം ഉയർത്തി. ഇതിന് പിന്നാലെയാണ് യശ്പാൽ വിവാഹത്തിൽനിന്ന് പിൻമാറാൻ തീരുമാനിച്ചത്.
മകളുടെ വിവാഹത്തെ മതത്തിന്റെ കണ്ണിലൂടെ വീക്ഷിക്കുന്നവരോട് ഇത് രണ്ട് കുടുംബങ്ങൾക്കും വളരെ പ്രധാനപ്പെട്ടതാണെന്നാണ് പറയാനുള്ളത് എന്നും നേരത്തെ യശ്പാൽ പറഞ്ഞിരുന്നു. രണ്ട് ചെറുപ്പക്കാർ ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ എനിക്ക് മതം അനിവാര്യമല്ല. എന്നാൽ, ഈ വിവാഹം ഹിന്ദു ആചാരപ്രകാരമായിരിക്കും നടക്കുകയെന്നും യശ്പാൽ പറഞ്ഞിരുന്നു.
യശ്പാൽ ബെനത്തിന്റെ മകൾ മുസ്ലിം യുവാവിനെ വിവാഹം ചെയ്യുന്നതിൽ പ്രതിഷേധിച്ച് സംഘ് പരിവാർ സംഘടനകൾ വെള്ളിയാഴ്ച കോട്ദ്വാറിൽ യശ്പാൽ ബെനത്തിന്റെ കോലം കത്തിച്ചിരുന്നു.
നമ്മൾ ഇപ്പോഴും ഉത്തരാഖണ്ഡിലെ കുറിയ ധോതിയും (താഴ്ന്ന ബ്രാഹ്‌മണൻ) നീളമുള്ള ധോതിയും (ഉയർന്ന ബ്രാഹ്‌മണൻ) പിന്തുടരുന്നു. ഇതിനർത്ഥം നമ്മൾ പാരമ്പര്യങ്ങളിൽ വിശ്വസിക്കുന്നുവെന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ സംസ്‌കാരത്തിൽ ആക്ഷേപകരമായ ഒന്നും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം വിവാഹങ്ങൾ ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല- ബി.ജെ.പി നേതാവും സംസ്ഥാന പശു സംരക്ഷണ കമ്മീഷൻ അംഗവുമായ ധരംവീർ ഗുസൈൻ പറഞ്ഞിരുന്നു.
വിഎച്ച്പി, ഭൈരവസേന, ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകളാണ് വിവാഹത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തത്.
ഇത്തരമൊരു വിവാഹത്തെ ഞങ്ങൾ ശക്തമായി എതിർക്കുന്നുവെന്ന് ജില്ലാ വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് ദീപക് ഗൗഡ് പറഞ്ഞിരുന്നു. മുസ്ലിമിനെ വിവാഹം കഴിക്കുന്ന ബിജെപി നേതാവിന്റെ മകളുടെ വിവാഹ കാർഡിന്റെ ഫോട്ടോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതാണ് എതിർപ്പിലേക്ക് നയച്ചിരിക്കുന്നത്. മേയ് 28 ന് ഗുദ്ദൗദി ഏരിയയിലെ ഒരു റിസോർട്ടിൽ വച്ചാണ് വിവാഹം.