ദിസ്പൂർ - വിദ്യാർത്ഥികൾക്ക് മാത്രമല്ല, സ്‌കൂളിലെ അധ്യാപകർക്കും ഡ്രസ് കോഡുമായി അസം സർക്കാർ. ലെഗിൻസ്, ജീൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
പൊതുജനങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ ചില അധ്യാപിക-അധ്യാപകന്മാർ വസ്ത്രം ധരിക്കുന്നത് ശീലമാക്കിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനമെന്നാണ് ദേശീയ മാധ്യങ്ങളുടെ റിപ്പോർട്ട്. വിദ്യാർത്ഥികൾക്ക് മാതൃകയാവേണ്ട അധ്യാപകർ വസ്ത്രധാരണത്തിലും അത് പാലിക്കണമെന്ന് അസം വിദ്യാഭ്യാസ മന്ത്രി രനോജ് പെഗു ട്വിറ്റ് ചെയ്തു.
പുരുഷ വനിതാ അധ്യാപകർക്ക് ടി ഷർട്ടും ജീൻസും ധരിക്കുന്നതിനും വനിതാ അധ്യാപകർക്ക് ലെഗിൻസ് ധരിക്കുന്നതിനുമാണ് വിലക്കുള്ളത്. എല്ലാ അധ്യാപകരും വൃത്തിയായും മാന്യമായുമുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. അസമിലെ പ്രാദേശിക വസ്ത്രവും സാരിയും സൽവാറുമാണ് വനിതാ അധ്യാപകർക്കായി നിർദ്ദേശിച്ചിട്ടുള്ളത്.
സ്‌കൂളുകളിൽ കുട്ടികൾക്ക് യൂണിഫോം നടപ്പാക്കിയതുപോലെ അധ്യാപകർക്കും യൂണിഫോം നടപ്പാക്കണമെന്ന ആവശ്യം കാലങ്ങളായി വിവിധ മേഖലകളിൽനിന്ന് ഉയരുന്നുണ്ട്. എന്നാൽ, അധ്യാപക യൂണിയനുകളുടെയും മറ്റും താൽപര്യങ്ങൾ മൂലം ഇക്കാര്യത്തിൽ ശക്തമായൊരു നടപടി എടുക്കാൻ വിവിധ സർക്കാറുകൾ അറച്ചുനിൽക്കുകയാണ്. എന്തായാലും അധ്യാപകർക്ക് ഏകീകൃത യൂണിഫോം നടപ്പാക്കാനായില്ലെങ്കിലും വസ്ത്രധാരണത്തിൽ ഒരു പൊതു തത്വത്തിലേക്ക് അധ്യാപകരേയും എത്തിക്കുന്നതോടെ അടുത്ത പടിയിലേക്കുള്ള ചർച്ചകൾക്കും ജീവൻ വെച്ചേക്കുമെന്നാണ് അത്തരം ആവശ്യം ഉന്നയിക്കുന്നവരുടെ പ്രതീക്ഷ.