ന്യൂദല്‍ഹി-രാജസ്ഥാനില്‍ മിഗ് -21 യുദ്ധവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ മിഗ് 21 വിമാനത്തിന്റെ സേവനം നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ വ്യോമസേന. മിഗ്-21 വിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നുവീഴുന്നത് വിവിധ കോണില്‍ നിന്ന് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.രാജസ്ഥാനിലെ ദാബ്ലിയിലെ ഹനുമാന്‍ഘട്ടില്‍ മേയ് 8ന്, വീടിന് മുകളിലേക്ക് മിഗ്-21 യുദ്ധവിമാനം തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചിരുന്നു. സുരത്ഘഡില്‍ നിന്നു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
'വിമാനം തകര്‍ന്നു വീഴാന്‍ കാരണം എന്തെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നത് വരെ മിഗ് -21 വിമാനങ്ങളുടെ സേവനം നിര്‍ത്തിവെക്കുന്നു'- പ്രതിരോധമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഒരുകാലത്ത് വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 സോവിയറ്റ് കാലഘട്ടത്തിലെ സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍/ഗ്രൗണ്ട് അറ്റാക്ക് യുദ്ധവിമാനമാണ്.