ജോര്‍ജിയ- അമേരിക്കയിലെ ജോര്‍ജിയയില്‍ വനത്തില്‍ പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ മാതാവിനെ നാലു വര്‍ഷത്തിനുശേഷം കണ്ടെത്തി. നഴ്‌സുമാര്‍ ബേബി ഇന്ത്യ എന്നു പേരിട്ട കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. 2019 ലാണ് പൊക്കിള്‍കൊടി പോലും നീക്കാത്ത നിലയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ടെത്തിയത്.
40 കാരി കരിമ ജിവാനിക്കെതിരെ കുട്ടികളോടുള്ള ക്രൂരതയടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തിയതായി ഫോര്‍സിത്ത് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. തെക്കുകിഴക്കന്‍ ഫോര്‍സിത്ത് കൗണ്ടിയില്‍ കരിമയെ ഡെപ്യൂട്ടി ടെറി റോപ്പറാണ് അറസ്റ്റ് ചെയ്തത്. ഏകദേശം നാല് വര്‍ഷം മുമ്പ് കുഞ്ഞിനെ രക്ഷിക്കാനും ഇവര്‍ തന്നെയാണ് സഹായിച്ചത്. രാത്രി 10 മണിയോടെ 911 കോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജോര്‍ജിയയിലെ കമ്മിംഗിലെ വനപ്രദേശത്ത് അധികൃതര്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ നവജാതശിശുവിന്റെ വീഡിയോ ഫോര്‍സിത്ത് കൗണ്ടി ഷെരീഫ് ഓഫീസ് പുറത്തുവിട്ടിരുന്നു.
ശക്തമായ ഇടിമിന്നലിന് തൊട്ടുമുമ്പാണ് ബേബി ഇന്ത്യയെ കണ്ടെത്തിയതെന്ന് കൗണ്ടി ഷെരീഫ് റോണ്‍ എച്ച് ഫ്രീമാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികളാണ് കുഞ്ഞ് കരയുന്നത് പോലെ കേള്‍ക്കുന്നുവെന്ന് പറഞ്ഞ് അവരുടെ പിതാവിനെ കാട്ടിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്നും ദൈവിക ഇടപെടലാണ് ഈ കുഞ്ഞിനെ രക്ഷിച്ചതെന്ന് വിശ്വസിക്കുന്നതായും ഫ്രീമാന്‍ പറഞ്ഞു.