ഖാര്‍ത്തൂം - സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഖത്തര്‍ എംബസിക്കു നേരെ ആക്രമണം. ഖത്തര്‍ എംബസി ഉദ്യോഗസ്ഥരെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നതിനാല്‍ സംഭവത്തില്‍ ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരിലോ എംബസി ജീവനക്കാരിലോ പെട്ട ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം പറഞ്ഞു. ഖത്തര്‍ എംബസി ആസ്ഥാനത്ത് നിയമ വിരുദ്ധ സായുധ സംഘം അതിക്രമിച്ചു കയറി കെട്ടിടം തകര്‍ത്തതിനെ ഖത്തര്‍ വിദേശ മന്ത്രാലയം ശക്തമായ ഭാഷയില്‍ അപലപിച്ചു.
സുഡാനില്‍ നടക്കുന്ന പോരാട്ടങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് നയതന്ത്ര കാര്യാലയങ്ങളെയും അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനങ്ങളെയും സിവിലിയന്‍ സ്ഥാപനങ്ങളെയും അകറ്റിനിര്‍ത്തണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കരാറുകള്‍ക്കും വിരുദ്ധമായ, നീചമായ കുറ്റകൃത്യം നടത്തിയ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സുഡാനില്‍ പോരാട്ടം ഉടനടി അവസാനിപ്പിക്കണമെന്നതും മുഴുവന്‍ കക്ഷികളും ആത്മസംയമനം പാലിക്കണമെന്നതും പൊതുതാല്‍പര്യത്തിന് മുന്‍തൂക്കം നല്‍കി വിവേകം കാണിക്കണമെന്നതും പോരാട്ടത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് സാധാരണക്കാരെ അകറ്റി നിര്‍ത്തണമെന്നതുമാണ് ഖത്തറിന്റെ നിലപാട്. ഭിന്നതകള്‍ മറികടക്കാന്‍ മുഴുവന്‍ കക്ഷികളും സംവാദത്തിന്റെയും സമാധാനത്തിന്റെയും പാത തെരഞ്ഞെടുക്കണമെന്ന് ഖത്തര്‍ ആഗ്രഹിക്കുന്നതായും ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.