ഇസ്തംബുള്‍- തുര്‍ക്കിയില്‍ ഈ മാസം 28ന് രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടക്കാനിരിക്ക അഭയാര്‍ത്ഥികളെ പുറത്താക്കുമെന്ന വിവാദ വാഗ്ദാനവുമായി പ്രതിപക്ഷ സ്ഥാനാര്‍ഥി കെമാല്‍ കിലിജദാറൊഗ്‌ലു. ഉര്‍ദുഗാനെതിരെ രണ്ടാം റൗണ്ടിലും ഭൂരിപക്ഷം നേടുക പ്രയാസമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നതിനിടെയാണ് ദേശീയത ഉയര്‍ത്തിവിട്ട് വോട്ട് പിടിക്കാനുള്ള പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ നീക്കം.
അയല്‍രാജ്യമായ സിറിയയില്‍നിന്നുള്‍പ്പെടെ കുടിയേറിയ ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ നാടുകടത്തുമെന്നാണ് പ്രതിപക്ഷ സ്ഥനാര്‍ഥി വാഗ്ദാനം ചെയ്യുന്നത്. ഒന്നാം റൗണ്ട് വോട്ടെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അഞ്ച് ശതമാനം വോട്ടിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം സ്ഥാനത്താണ് കിലിജദാറൊഗ്‌ലു. 28നാണ് അടുത്ത വോട്ടെടുപ്പ്.
രാജ്യത്ത് അനധികൃതമായി കുടിയേറാന്‍ നിലവിലെ സര്‍ക്കാര്‍ അഭയാര്‍ഥികള്‍ക്ക് അവസരം നല്‍കിയെന്ന് കിലിജദാറൊഗ്‌ലു കുറ്റപ്പെടുത്തി. നിലവില്‍ 10 മില്യണ്‍ അഭയാര്‍ത്ഥികളുള്ള രാജ്യത്തേക്ക് തുറന്ന അതിര്‍ത്തി നയം 10 മില്യണ്‍ അഭയാര്‍ത്ഥികളെ കൂടി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രസിഡന്റായാല്‍ എല്ലാ അഭയാര്‍ത്ഥികളെയും ഉടന്‍ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുമെന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥി പ്രഖ്യാപിച്ചു. അഭയാര്‍ഥി വിരുദ്ധ നിലപാടിലൂടെ വോട്ട് നേടാനാകുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെങ്കിലും ഉര്‍ദുഗാന്‍ തന്നെ ജയിക്കുമെന്നാണ് വിലയിരുത്തല്‍.