Sorry, you need to enable JavaScript to visit this website.

എസ്.എഫ്.ഐ ആള്‍മാറാട്ടം; പ്രൊഫ.ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം- കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ പ്രൊഫ.ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സര്‍വകലാശാല വി.സി ഡോ.മോഹന്‍ കുന്നമ്മേല്‍ അറിയിച്ചു. സംഭവം സര്‍വകലാലാശയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തിലാണ് കര്‍ശന നടപടി.
സര്‍വകലാശാലയെ കബളിപ്പിച്ചതിന് പോലീസില്‍ പരാതി നല്‍കും. ആള്‍മാറാട്ടം നടത്തി യു.യു.സിയായ വിശാഖിനെതിരെയും പരാതി നല്‍കും. പ്രൊഫ.ഷൈജുവിനെ അധ്യാപക സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്യാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.  പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന പ്രൊഫ. ഷൈജുവില്‍നിന്ന് തെരഞ്ഞെടുപ്പ് ചെലവുകള്‍ ഈടാക്കുകയും ചെയ്യും.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കോളേജുകലില്‍നിന്നും  അയച്ച യു.യു.സി ലിസ്റ്റുകള്‍ പരിശോധിക്കും. യു.യു.സി ലിസ്റ്റ് ഒരാഴ്ചക്കകം നല്‍കണമെന്നാണ് നിര്‍ദേശം. അത് പരിശോധിച്ച് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ അവസരം ഉണ്ടാകും. അതിന് ശേഷമാകും യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പെന്നും വി.സി അറിയിച്ചു.

കേരള സര്‍വകലാശാല യൂണിയന്‍ പ്രതിനിധിയായി എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിയായ വിശാഖിനെ ആള്‍മാറാട്ടത്തിലൂടെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വിശാഖിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ സി.പി.എം കാട്ടക്കട എരിയാകമ്മിറ്റി തീരുമാനിച്ചിരുന്നു.
സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനാകാന്‍ വിശാഖ് കാണിച്ച അതിബുദ്ധിയാണ് ആള്‍മാറാട്ടം നടത്താന്‍ ഇടയാക്കിയതെന്നാണ് പാര്‍ട്ടിയുടെ പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. എസ്.എഫ്.ഐ.യുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും വിശാഖിനെ കഴിഞ്ഞദിവസം നീക്കിയിരുന്നു. പ്ലാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു വിശാഖ്.
യൂണിയന്‍ ഭാരവാഹികളെ നിശ്ചയിക്കുന്നതിലടക്കം പാര്‍ട്ടി ഫ്രാക്ഷന് വീഴ്ച സംഭവിച്ചോയെന്നും സി.പി.എം. പരിശോധിക്കും. ആള്‍മാറാട്ടവാര്‍ത്ത പുറത്തുവരുന്നതിന് മുമ്പുതന്നെ ഇക്കാര്യം പാര്‍ട്ടി പരിശോധിച്ചിരുന്നു. പരാതിയായിത്തന്നെ പാര്‍ട്ടിയില്‍ ഇക്കാര്യം എത്തിയിരുന്നു. പരാതി പരിശോധിക്കുന്നതിനൊപ്പം, സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹികളായി നാമനിര്‍ദേശം നല്‍കേണ്ടവരെയും സി.പി.എം. നിശ്ചയിച്ചിരുന്നു.

 

Latest News