നാസിക്- ദര്‍ഗയില്‍നിന്നെത്തി മുസ്ലിംകള്‍ പ്രശസ്തമായ ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ ധൂപം അര്‍പ്പിക്കുന്ന ആചാരം തടയരുതെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താക്കറെ.
മുസ്ലിംകള്‍ സാമ്പ്രാണി സമര്‍പ്പിക്കുന്ന ആചാരം നൂറ്റാണ്ട് പഴക്കമുള്ളതാണെന്നും അത് ലംഘിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുള്ളവര്‍ ഇതില്‍ ഇടപെടരുതെന്നും പ്രദേശത്തുള്ളവരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും , രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാസിക് നഗരത്തില്‍ എത്തിയ അദ്ദേഹം പറഞ്ഞു.
മേയ് 13-14 രാത്രിയില്‍ ഹസ്രത്ത് പിര്‍ സയ്യിദ് ഗുലാബ് ഷാവാലി ബാബ ദര്‍ഗയുടെ വാര്‍ഷിക ഉറൂസില്‍ പങ്കെടുത്ത മുസ്ലിംകളെ ക്ഷേത്ര കവാടത്തില്‍ ധൂപം അര്‍പ്പിക്കുന്നതില്‍ നിന്ന് തടഞ്ഞ സംഭവം വിവാദമായിരുന്നു. പഴയ ആചാരം നിര്‍ത്താന്‍ പാടില്ലെന്നും വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും രാജ് താക്കറെ പറഞ്ഞു.
ആളുകള്‍ പാരമ്പര്യങ്ങള്‍ പിന്തുടരുകയാണെങ്കില്‍ എന്താണ് പ്രശ്‌നം. നമ്മുടെ (ഹിന്ദു) മതം വളരെ ദുര്‍ബലമാണോ. അവിടെ ആരെങ്കിലും വന്നാല്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ-അദ്ദേഹം ചോദിച്ചു.
ഇത്തരം കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതും സോഷ്യല്‍ മീഡിയ ആണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ അക്രമത്തിലേക്ക് നീങ്ങുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്നും താക്കറെ പറഞ്ഞു.
ഹിന്ദുക്കളും മുസ്ലീങ്ങളും കാലങ്ങളായി പോകുന്ന നിരവധി ക്ഷേത്രങ്ങളും മുസ്ലിം ദര്‍ഗകളുമുണ്ട്. ഞാന്‍ ഒരുപാട് പള്ളികള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മുസ്ലിം സഹോദരങ്ങളില്‍ പലരും ക്ഷേത്രങ്ങളില്‍ വന്നിട്ടുണ്ട്... ആളുകള്‍ സമ്മിശ്ര പ്രദേശങ്ങളില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്നു. പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. - അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്യങ്ങള്‍ തെറ്റായി പോകുമ്പോള്‍ ഒരാള്‍ സംസാരിക്കണമെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി മസ്ജിദുകളിലെ ഉച്ചഭാഷിണികള്‍ക്കെതിരായ തന്റെ പ്രചാരണത്തെ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു.
ത്രയംബകേശ്വറില്‍ നടന്ന സംഘട്ടനത്തെത്തുടര്‍ന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിഷയത്തില്‍ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ധൂപം അര്‍പ്പിക്കാനെത്തിയവരെ ആക്രമിക്കുകയായിരുന്നു.