സാന്‍ഫ്രാന്‍സിസ്‌കോ- യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ഇന്റലിജന്‍സ് ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തുവെന്നും ചട്ടവിരുദ്ധമായി ഡാറ്റാ ബേസില്‍ 2,78,000 സെര്‍ച്ചുകള്‍ നടത്തിയെന്നും യു.എസ് കോടതി കണ്ടെത്തി.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്ന അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് അനുചിതമായ രീതിയില്‍ സെര്‍ച്ച് ചെയ്തത്. വര്‍ഷങ്ങള്‍ക്കിടെ 2,78,000 തവണയാണ് വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ യുഎസ് ഡാറ്റാബേസില്‍ എഫ്ബിഐ വിവരങ്ങള്‍ തിരഞ്ഞത്.
ഫോറിന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് കോടതിയുടെ നിരീക്ഷണം നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ (ഒഡിഎന്‍ഐ) ഓഫീസാണ് പുറത്തുവിട്ടത്.
2020 ലെ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിന് ശേഷവും ജനുവരി ആറിലെ കാപിറ്റോള്‍ കലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് യുഎസ് അധികൃതരുടെ അന്വേഷണത്തിനിടെ തിരച്ചില്‍ നടന്നതെന്ന് കോടതി പറഞ്ഞു.
വ്യക്തികളുടെ ഡിജിറ്റല്‍ അടക്കമുള്ള വിവരങ്ങളാണ് ഇന്റലിജന്‍സ് ഡാറ്റാബേസ് സംഭരിക്കുന്നത്. അമേരിക്കക്കാരുമായുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടെ വിദേശികളുടെ ആശയവിനിമയങ്ങള്‍ വാറന്റില്ലാതെ തിരയാന്‍ എഫ്ബിഐയെ വിദേശ ഇന്റലിജന്‍സ് നിരീക്ഷണ നിയമം അനുവദിക്കുന്നുണ്ട്.
നിയമത്തിലെ സെക്ഷന്‍ 702 പ്രകാരം സൃഷ്ടിച്ച ഡാറ്റാബേസിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എഫ്.ബി.ഐ ലംഘിച്ചതായി കോടതി വിധിയില്‍ പറയുന്നു.
2016 നും 2020 നും ഇടയിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തിരച്ചിലുകള്‍ നിയമങ്ങള്‍ ലംഘിച്ചതായി കോടതി കണ്ടെത്തി. കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ലഭിക്കുമെന്നാണ് എഫ്ബിഐ വിശ്വസിച്ചിരുന്നത്.
ഈ വര്‍ഷാവസാനം കാലഹരണപ്പെടുന്ന സെക്ഷന്‍ 702 പ്രകാരം നിരീക്ഷണ അധികാരങ്ങള്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ പിന്തുണ നേടാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് കോടതിയുടെ വെളിപ്പെടുത്തലുകള്‍.