ശ്രീനഗര്‍-ജമ്മു കശ്മീരിലെ ഏഴ് ജില്ലകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ശ്രീനഗര്‍, പുല്‍വാമ, അവന്തിപോറ, അനന്ത്‌നാഗ്, ഷോപ്പിയാന്‍, പൂഞ്ച്, കുപ്വാര എന്നിവിടങ്ങളിലെ 15 സ്ഥലങ്ങളിലാണ് എന്‍ഐഎ സംഘം തെരച്ചില്‍ നടത്തുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലാണ് എന്‍ഐഎ നടപടി.
എന്‍ഐഎയുടെ ഡല്‍ഹി ബ്രാഞ്ച് 2021-ലും തീവ്രവാദ വിരുദ്ധ ഏജന്‍സിയുടെ ജമ്മു ബ്രാഞ്ച് 2022-ലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന നടക്കുന്നത്. ഗുസ്സു, രാജ്പോറ, അവന്തിപോറ, ത്രാല്‍ എന്നിവിടങ്ങളില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജമ്മു കശ്മീര്‍ പൊലീസിലെയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയിലെയും (സിആര്‍പിഎഫ്) ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
നേരത്തെ, ജമ്മു കശ്മീരിലെ ബുഡ്ഗാം, ഷോപിയാന്‍, പുല്‍വാമ, ശ്രീനഗര്‍, അനന്ത്‌നാഗ് ജില്ലകളില്‍ മെയ് 15 ന് എന്‍ഐഎ സംഘം തീവ്രവാദ ഫണ്ടിംഗ് കേസില്‍ റെയ്ഡ് നടത്തിയിരുന്നു. കേഡറുകളും ഓവര്‍ഗ്രൗണ്ട് വര്‍ക്കര്‍മാരും നടത്തിയ തീവ്രവാദ, അട്ടിമറി ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടത്തിയത്. 2022 ഡിസംബര്‍ 23 ന് കുല്‍ഗാം, പുല്‍വാമ, അനന്ത്‌നാഗ്, സോപൂര്‍ ഉള്‍പ്പെടെ ജമ്മു ജില്ലകളിലെ 14 സ്ഥലങ്ങളിലും എന്‍ഐഎ തെരച്ചില്‍ നടത്തി.