ബെംഗളൂരു - കോൺഗ്രസിൽ മതാടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം നല്കാറില്ലെന്നും താൻ മന്ത്രിയാകുമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും മുൻ മന്ത്രിയും കർണാടക നിയമസഭയിലേക്ക് തുടർച്ചയായി അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ യു.ടി ഖാദർ. ഒത്തൊരുമിച്ച് സർക്കാർ മുന്നോട്ട് പോകുമെന്നും 28 അംഗ മന്ത്രിസഭ വരുമെന്നാണ് വിവരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രിമാരുടെ എണ്ണവും ആരെല്ലാമാണ് മന്ത്രിമാർ ആകേണ്ടത് എന്നിത്യാദി കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. വ്യക്തിപരമായ അഭിപ്രായങ്ങളല്ല, സംഘടനാപരമായ തീരുമാനമാണ് അവിടെ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗളൂരു മണ്ഡലത്തിൽനിന്ന് 17,745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാസർഗോഡ് വേരുകളുള്ള യു.ടി ഖാദർ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.