Sorry, you need to enable JavaScript to visit this website.

ആദ്യം പ്രവര്‍ത്തിക്കും, പിന്നെ ചിന്തിക്കും; വിശ്വഗുരു മോഡിയെ പരിഹസിച്ച് പ്രതിപക്ഷം

ന്യൂദല്‍ഹി- രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം.  ആദ്യം പ്രവര്‍ത്തിക്കുക, രണ്ടാമത് ചിന്തിക്കുക എന്നതാണ് നമ്മുടെ വിശ്വഗുരുവിന്റെ മാതൃകയെന്ന് പ്രധാനമന്ത്രി മോഡിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എം.പിയുമായ ജയറാം രമേശ് പറഞ്ഞു.
2016 നവംബര്‍ എട്ടിലെ വിനാശകരമായ തുഗ്ലക്കി പരിഷ്‌കാരത്തിന് ശേഷം ഇത്രയും കൊട്ടിഘോഷിച്ച് അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ പിന്‍വലിക്കുകയാണ്.'നമ്മുടെ സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ മാതൃക- അദ്ദേഹം പറഞ്ഞു.
'അന്വേഷണം നടത്തിയാല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ടു നിരോധനമെന്ന് തെളിയും. 1000 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കി 2000 രൂപ നോട്ടുകള്‍ ഇറക്കി കള്ളപ്പണത്തെ ഇല്ലാതാക്കാനെന്ന പേരില്‍ പ്രധാനമന്ത്രി മോഡി തന്റെ ഒളിച്ചോടിയ മുതലാളി സുഹൃത്തുക്കളുടെ ജോലി എളുപ്പമാക്കി. നോട്ട് അസാധുവാക്കലിന് മുമ്പ്, ഈ സുഹൃത്തുക്കള്‍ രാജ്യത്തിന്റെ പണം ഇരട്ടിയാക്കി ഓടിപ്പോയി. നോട്ട് നിരോധനത്തിനും 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതിനും ശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ജോലി കൂടുതല്‍ എളുപ്പമായി. പകുതി ജോലി തീര്‍ന്നു. ഇപ്പോള്‍ ഒളിച്ചോടിയ സുഹൃത്തുക്കളും വരില്ല, കള്ളപ്പണവും തിരികെ വരില്ല- ആം ആദ്മി പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ പറഞ്ഞു.
അതേസമയം, നോട്ടുകള്‍ പിന്‍വലിക്കാനായിരുന്നുവെങ്കില്‍ എന്തിനാണ് അവ വിപണിയിലിറക്കിയതെന്ന് എന്‍.സി.പി ചോദിച്ചു.
 നോട്ട് നിരോധനത്തില്‍ രണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. കള്ളപ്പണം തിരിച്ചുപിടിക്കുമെന്നും തീവ്രവാദികള്‍ക്കുള്ള ധനസഹായം നിര്‍ത്തുമെന്നും. ഒന്നും സംഭവിച്ചില്ല. ചിലര്‍ ബാങ്കുകള്‍ കൊള്ളയടിച്ച് രാജ്യം വിട്ടു. സാധാരണക്കാര്‍ ബാങ്കില്‍ ക്യൂ നിന്ന് മരിച്ചു.  ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനങ്ങളിലൂടെ കേന്ദ്രം വീണ്ടും സാധാരണക്കാരെ വച്ച് കളിക്കുകയാണ്- തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 'ക്ലീന്‍ നോട്ട് പോളിസി' അനുസരിച്ചാണ് 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ നിയമപരമായി തുടരും. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് മതിയായ സമയം നല്‍കുന്നതിനും, എല്ലാ ബാങ്കുകളും 2023 സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ക്കായി നിക്ഷേപിക്കാനും  കൈമാറ്റത്തിനും സൗകര്യം നല്‍കണമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.  
സെപ്റ്റംബര്‍ 30നകം ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആര്‍ബിഐ ജനങ്ങളോട് ആവശ്യപ്പെട്ടു.

 

Latest News