ലണ്ടന്‍- എലിസബത്ത് രാജ്ഞിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവഴിച്ചത് എത്രയെന്നറിയാമോ- 200 മില്യന്‍ ഡോളര്‍. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ മാത്രമേ മനസ്സിലാവുള്ളുവെങ്കില്‍ ഇതാ കേട്ടോളൂ- 1665 കോടി രൂപ. തള്ളാണെന്ന് കരുതി പോകല്ലേ, യു. കെ ട്രഷറി പുറത്തുവിട്ട കണക്കാണിത്.
ലണ്ടനില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ രണ്ട് ലക്ഷത്തിലധികം പേരാണ് എത്തിച്ചേര്‍ന്നത്. രാജ്ഞിയോടുള്ള ആദരസൂചകമായി ബ്രിട്ടണില്‍ പത്ത് ദിവസത്തെ ദേശീയ ദു:ഖാചരണവും നടന്നു. ആഭ്യന്തര വകുപ്പ് ഓഫീസിന് 756 കോടി രൂപയും സാംസ്‌കാരിക- മാധ്യമ- കായിക വകുപ്പുകള്‍ക്ക് 589 കോടിയും ഗതാഗത വകുപ്പിന് 26 കോടിയും വിദേശകാര്യ ഓഫീസിന് 21 കോടിയുമാണ് മരണാനന്തര ചടങ്ങുകള്‍ക്കായി ചെലവായത്. ഇതുകൂടാതെ സ്‌കോട്ട്‌ലന്‍ഡ് സര്‍ക്കാരിന് ചെലവായ തുക നല്‍കിയതും യു. കെ ആയിരുന്നു. സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മോര്‍ കൊട്ടാരത്തിലായിരുന്നു രാജ്ഞിയുടെ അന്ത്യം.
വിന്‍ഡ്സര്‍കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ അന്ത്യവിശ്രമം കൊള്ളുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുതല്‍ ഇരുന്നൂറിലേറെ ലോക നേതാക്കള്‍ എത്തിയപ്പോള്‍ അവര്‍ക്കുള്ള സുരക്ഷ ഒരുക്കാന്‍ വന്‍ തുകയാണ് ചെലവഴിക്കേണ്ടി വന്നത്.
തീര്‍ന്നില്ല, രാജ്ഞി മരിച്ച് എട്ടു മാസത്തിന് ശേഷം ചാള്‍സ് മൂന്നാമന്‍ രാജാവായി അധികാരമേറ്റപ്പോള്‍ മൂന്നു ദിവസത്തെ പരിപാടികള്‍ക്കായി ആയിരം കോടി രൂപയോളവും പൊട്ടിച്ചിട്ടുണ്ട് ബ്രിട്ടന്‍.