സോബ്- ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പാകിസ്ഥാന് ജമാഅത്തെ ഇസ്‌ലാമി തലവന്‍ സിറാജുല്‍ ഹഖ് ഭാഗ്യത്തിന് രക്ഷപ്പെട്ടതായി പാകിസ്ഥാന്‍ പോലീസ് അറിയിച്ചു. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. സിറാജുല്‍ ഹഖിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി സോബ് സിറ്റി പോലീസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷേര്‍ അലി മണ്ടോഖൈല്‍ പറഞ്ഞു.
പരിക്കേറ്റവര്‍ സോബിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും ഒരാളുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ചാവേറിന്റേതാണെന്ന് സ്ഥിരീകരിച്ചു. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പ്രദേശം സന്ദര്‍ശിച്ച സിറാജുല്‍ ഹഖ് സുരക്ഷിതനാണെന്നും അക്രമി കൊല്ലപ്പെട്ടതായും പാക് ജമാഅത്ത് ട്വീറ്റ് ചെയ്തു.
സ്‌ഫോടനത്തിന് ശേഷം സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് പോകണമെന്ന് സിറാജുല്‍ ഹഖ് നിര്‍ബന്ധം പിടിച്ചതായി പോലീസ് പറഞ്ഞു. അധിക പോലീസുകാരെ വിന്യസിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് അനുമതി നല്‍കിയത്.
ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് എല്ലാ കോണുകളില്‍ നിന്നും അന്വേഷിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ബലൂചിസ്ഥാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചാവേര്‍ സ്‌ഫോടനത്തെ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി അബ്ദുള്‍ ഖുദ്ദൂസ് ബിസെഞ്ചോ അപലപിച്ചു.
പ്രവിശ്യയില്‍ ഭയവും അരക്ഷിതാവസ്ഥയും പടര്‍ത്തി ഭീകരര്‍ തങ്ങളുടെ ദുഷ്ട ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുകയാണെന്നും അവരെ വിജയിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.