മുംബൈ- ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത ശേഷം 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരായ നടപടികള്‍ സുപ്രീം കോടതി തടഞ്ഞു. സമീര്‍ വങ്കഡെക്കിതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍നിന്ന് മേയ് 22 വരെയാണ് സി.ബി.ഐയെ സുപ്രീം കോടതി വിലക്കിയത്.
2021 ല്‍ നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തെ കുറിച്ച് നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കണമെന്ന അഴിമതിനിരോധ നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ശര്‍മിള ദേശ്മുഖും ജസ്റ്റിസ് ആരിഫ് ഡോക്ടറും അടങ്ങുന്ന അവധിക്കാല ബെഞ്ച് നടപടികള്‍ സ്റ്റേ ചെയ്തത്. മെയ് 22 തിങ്കളാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും.
രാജ്യത്തെ ജുഡീഷ്യറിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും തന്നെ കേസില്‍ കുടുക്കിയിരിക്കയാണെന്നും സമീര്‍ വാങ്കഡെ പ്രതികരിച്ചു.