കൊച്ചി- എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ സാക്ഷിയുടെ പിതാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദല്‍ഹി സ്വദേശിയും 45 കാരനുമായ മുഹമ്മദ് ഷഫീക്കാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മകനോടൊപ്പം കേസില്‍ മൊഴി നല്‍കാനായി എത്തിയ ഷഫീഖ് മൂന്ന് ദിവസം മുമ്പാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഏപ്രിലില്‍ കോഴിക്കോട്ട് നടന്ന ട്രെയിന്‍ തീവെപ്പുമായി ബന്ധപ്പെട്ട് മരിച്ചയാളും മകനും പോലീസിന് മൊഴി നല്‍കിയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെയ് 16നാണ് ഇരുവരും തലസ്ഥാനത്ത് എത്തിയത്.
കേസില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ഇരുവരും ദല്‍ഹിയിലേക്ക് മടങ്ങാനിരിക്കയായിരുന്നു. ഷഫീക്കിനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മകന്‍ കണ്ടതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇവര്‍ കൊച്ചിയിലെത്തി ഒരു ദിവസം കഴിഞ്ഞ് മേയ് 17, 18 തീയതികളില്‍ സാക്ഷി കോടതിയില്‍ ഹാജരായിരുന്നു. കേരള ട്രെയിന്‍ തീവെപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇവരെ വിളിച്ചുവരുത്തിയിരുന്നത്.
ഏപ്രില്‍ രണ്ടിന് കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ ട്രെയിനിന് തീയിട്ട സംഭവത്തിനു പിന്നാലെ ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ റെയില്‍ പാളത്തിലാണ് കണ്ടെത്തിയിരുന്നത്.ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എലത്തൂരിനടുത്ത് കോരപ്പുഴ പാലത്തിലെത്തിയപ്പോള്‍ പ്രതി ഷാരൂഖ് സെയ്ഫി തീവെക്കുകയായിരുന്നു.
ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മരിച്ച മൂന്നു പേരും തീപിടിത്തമുണ്ടായപ്പോള്‍ ട്രെയിനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരാണെന്നാണ് പോലീസ് കരുതുന്നത്.