- മറ്റൊരാൾക്കൊപ്പം പോകാൻ ഭർത്താവ് നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ കോട്ടയം ജില്ലയിലെ കറുകച്ചാലിൽ ഏഴംഗ സംഘം നേരത്തെ അറസ്റ്റിലായിരുന്നു
കോട്ടയം - പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ചയ്ക്കു നിർബന്ധിച്ചുവെന്ന ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പരാതിക്കാരിയായ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ മണർകാട്ടെ യുവതിയുടെ വീട്ടിലാണ് സംഭവം. മാലം കാത്തിരത്തുംമൂട്ടിൽ ജൂബി (26) ആണ് വീട്ടുമുറ്റത്ത് വെട്ടേറ്റ് രക്തം വാർന്ന് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവുമായി അകന്ന് മാലത്തെ സ്വന്തം വീട്ടിലാണ് ജൂബി കഴിഞ്ഞിരുന്നത്. അച്ഛനും സഹോദരനും ജോലിക്കും കുട്ടികൾ കളിക്കാനും പോയ സമയത്താണ് കൊലപാതകമുണ്ടായത്. രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടന്ന ജൂബിയെ കുട്ടികളാണ് ആദ്യം കണ്ടത്. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി. അക്രമം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടെന്നും പ്രതിക്കായി തിരിച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ യുവതി നല്കിയ പരാതിയിൽ ഏഴംഗ സംഘം പോലീസ് പിടിയിലായിരുന്നു. ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരുന്നു. പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്നും 2022 ജനുവരിയിൽ വെളിപ്പെടുത്തലുണ്ടായി. വിസമ്മതിച്ചപ്പോൾ ഭർത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായി കേസെടുത്തിരുന്നു. ഇതുപോലെ മറ്റു പലരും ഇതിൽ ഇരയാക്കപ്പെട്ടതായും പോലീസ് അന്വേഷണത്തിൽ മനസ്സിലായി.
കോട്ടയം ജില്ലയിലെ കറുകച്ചാൽ കേന്ദ്രീകരിച്ചായിരുന്നു പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പ്രവർത്തിച്ചിരുന്നത്. സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറി ആവശ്യക്കാർക്ക് ലൈംഗിക ചൂഷണത്തിന് അവസരം ഒരുക്കുകയായിരുന്നു സംഘത്തിന്റെ രീതി. നിരവധി പേർ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള കച്ചവടം ഉറപ്പിച്ചിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു പ്രധാനമായും ഇതിന്റെ പ്രവർത്തനമെന്ന് പോലീസ് പറഞ്ഞു. ഞെട്ടിക്കുന്ന വിവരം പുറത്തുവന്നതിന് പിന്നാലെ യുവാവ് തെളിവ് ഇല്ലാതാക്കാനും ഭാര്യയെ കുരുക്കാനും ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ. തുടർന്നാണ് ഇന്ന് ഭാര്യയെ വെട്ടിക്കൊന്നതെന്ന് പറയുന്നു.