കോഴിക്കോട്-അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് മുസ്ലിം ലീഗിനെ സിപിഎം ഇടയ്ക്കിടെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുന്നതെന്ന് കെ.മുരളീധരന് എം.പി പറഞ്ഞു. ഇപ്പോഴുള്ള എല്‍ഡിഎഫ് സംവിധാനം തെരഞ്ഞെടുപ്പില്‍ നിലം തൊടില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് മുരളീധരന് പറഞ്ഞു.
എ.ഐ ക്യാമറ വിവാദം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അധപതനത്തിന്റെ ആരംഭമാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാത്തത് അദ്ദേഹത്തിന്റെ മടിശീലക്ക് കനമുള്ളതുകൊണ്ടാണ്. അധികം താമസിയാതെ പക്ഷെ മുഖ്യമന്ത്രിക്ക് വായ് തുറക്കേണ്ടിവരും- മുരളീധരന് പറഞ്ഞു.
കര്‍ണാകയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞടുക്കാന്‍ വൈകിയതില്‍ അപാകതയില്ല. ലീഡര്‍ഷിപ്പില്‍ ആരുവരണം എന്ന് തീരുമാനിക്കുന്നതിന് സ്വാഭാവികമായ സമയം ആവശ്യമുണ്ട്. സിപിഎമ്മിലെ പോലെ നേതാക്കള്‍ തമ്മിലുളള ജന്മി കുടിയാന് ബന്ധമല്ല കോണ്‍ഗ്രസില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.