ചോദ്യം: ഇഖാമ ഹോൾഡറായ ഞാൻ എക്സിറ്റ് റീ എൻട്രിയിൽ വന്നതായിരുന്നു. എന്നാൽ നിശ്ചിത സമയത്തിനകം മടങ്ങിപ്പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ എക്സിറ്റ് റീ എൻട്രിയുടെ കാലാവധി കഴിയുകയും ചെയ്തു. ഇനി എനിക്ക് മറ്റൊരു വിസയിൽ മൂന്നു വർഷത്തേക്ക് സൗദിയിൽ ജോലിക്ക് പോകാൻ കഴിയില്ലെന്നതാണല്ലോ നിലവിലെ നിയമം. ഇത് ആശ്രിത വിസയിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾക്കും ബാധകമാണോ? എക്സിറ്റ് റീ എൻട്രിയിൽ വന്ന ആശ്രിത വിസയിലുണ്ടായിരുന്ന എന്റെ മകനും നിശ്ചിത സമയത്തിനകം മടങ്ങിപ്പോയില്ല. ഇപ്പോൾ മകന് സൗദിയിൽ ജോലി ലഭിച്ചിട്ടുണ്ട്. പുതിയ വിസയിൽ അവന് സൗദിയിൽ ജോലിക്കു പോകുന്നതിന് തടസം ഉണ്ടാകുമോ?
ഉത്തരം: ആശ്രിത വിസയിൽ കഴിയുന്നതിനിടെ എക്സിറ്റ് റീ എൻട്രിയിൽ വരികയും റീ എൻട്രിയുടെ കാലാവധി തീരുന്നതിനു മുമ്പ് മടങ്ങിപ്പോകാതിരിക്കുകയും ചെയ്തവർക്ക് പുതിയ തൊഴിൽ വിസയിൽ സൗദിയിൽ എത്തുന്നതിന് തടസമില്ല. അവർ മൂന്നു വർഷംവരെ കാത്തിരിക്കേണ്ടതില്ല. അതിനാൽ നിങ്ങളുടെ മകന് പുതിയ തൊഴിൽ വിസയിൽ സൗദിയിൽ വരാം.
എക്സിറ്റ് റീ എൻട്രി ലംഘനത്തിനുള്ള വിലക്ക് ഇഖാമയുള്ള തൊഴിലാളികൾക്കു മാത്രമാണ്. അവർ എക്സിറ്റ് റീ എൻട്രിയിൽ വരികയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്താൽ മൂന്നു വർഷം കഴിഞ്ഞേ പുതിയ വിസയിൽ സൗദിയിൽ പോകാൻ സാധിക്കൂ. അതേ സമയം പഴയ സ്പോൺസറുടെ വിസയിൽ തന്നെയാണെങ്കിൽ വീണ്ടും വരുന്നതെങ്കിൽ മൂന്നു വർഷംവരെ കാത്തിരിക്കേണ്ടതില്ല.
ഇഖാമ കാലാവധിയുള്ളതെങ്കിൽ എക്സിറ്റ് റീ എൻട്രി ദീർഘിപ്പിക്കാം
ചോദ്യം: ഞാൻ സൗദിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറാണ്. രണ്ടു മാസം മുമ്പ് എക്സിറ്റ് റീ എൻട്രിയിൽ നാട്ടിൽ വന്നതാണ്. കഴിഞ്ഞ ആഴ്ച എന്റെ എക്സിറ്റ് റീ എൻട്രി കാലാവധി കഴിഞ്ഞു. എന്നാൽ കുടുംബത്തിന്റെ എക്സിറ്റ് റീ എൻട്രി കാലാവധി ഇനിയുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടത്?
ഉത്തരം: എക്സിറ്റ് റീ എൻട്രി കാലാവധി കഴിഞ്ഞുവെങ്കിലും നിങ്ങളുടെ ഇഖാമക്ക് കാലാവധി ഉണ്ടെങ്കിൽ സ്പോൺസർക്ക് എക്സിറ്റ് റീ എൻട്രി ദീർഘിപ്പിക്കാൻ കഴിയും. അതിനാവശ്യമായ തുക ബാങ്ക് വഴി ജവാസാത്തിൽ അടച്ചാൽ എക്സിറ്റ് റീ എൻട്രി സ്പോൺസർക്ക് ദീർഘിപ്പിക്കാം. അതിനു ശേഷം സൗദിയിലേക്ക് മടങ്ങുകയുമാവാം. എക്സിറ്റ് റീ എൻട്രി ദീർഘിപ്പിക്കാതെ ഇനി സൗദിയിലേക്കു മടങ്ങാൻ കഴിയില്ല.
ജവാസാത്ത് സേവനം മരവിപ്പിച്ചാൽ
ചോദ്യം: ജവാസാത്ത് എനിക്കു നൽകുന്ന സേവനം മരവിപ്പിച്ചിരിക്കുന്നതിനാൽ എനിക്ക് എക്സിറ്റ് റീ എൻട്രി അടിക്കുന്നതിനു സാധിക്കുന്നില്ല. സ്പോൺസർ പലതവണ അതിനു ശ്രമിച്ചുവെങ്കിലും സേവനം ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്താണു ചെയ്യേണ്ടത്?
ഉത്തരം: ജവാസാത്ത് ഒരാൾക്കുള്ള സേവനം മരവിപ്പിച്ചാൽ പിന്നെ അയാൾക്ക് എക്സിറ്റ് റീ എൻട്രി അടിക്കുന്നതിനോ മറ്റു സേവനങ്ങളോ ലഭിക്കില്ല. മരവിപ്പിക്കുന്നതിനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുകയും അതിനുള്ള പോംവഴി ചെയ്യുകയുമാണ് വേണ്ടത്. ഏതെങ്കിലും രീതിയിലുള്ള നിയമലംഘനം നിങ്ങളുടെ പേരിലുണ്ടാവാം. അതുകൊണ്ടായിരിക്കാം സേവനം മരവിപ്പിച്ചിരിക്കുന്നത്. ഇതു കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതിനു ശേഷമെ എക്സിറ്റ് റീ എൻട്രി സേവനം ലഭിക്കൂ.