Sorry, you need to enable JavaScript to visit this website.

കേരള സ്റ്റോറിയില്‍ ആധികാരിക വിവരമല്ലെന്ന അറിയിപ്പ് ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- 32,000 സ്ത്രീകള്‍ ഇസ്ലാമിലേക്ക് മതം മാറി എന്ന് ഉറപ്പാക്കുന്ന ആധികാരിക വിവരമില്ലെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് ദ കേരള സ്റ്റോറി'യുടെ നിര്‍മാതാക്കളോട് സുപീം കോടതി ആവശ്യപ്പെട്ടു.സിനിമ സാങ്കല്‍പ്പിക പതിപ്പാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ നിര്‍ദേശം.  
വിവാദ ചിത്രം ദ കേരള സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടപടി സ്റ്റേ  സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ചിത്രത്തിന് നേരിട്ടോ അല്ലാതെയോ നിരോധനം ഏര്‍പ്പെടുത്തരുത്. സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീയേറ്റുകള്‍ക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന് തമിഴ്‌നാടിനോടും കോടതി നിര്‍ദേശിച്ചു. അധികാര സ്ഥാനങ്ങളിലുള്ളവര്‍ പരസ്യമായി വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍. കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട രണ്ട് ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹരജിയും ബംഗാളിലും തമിഴ്നാട്ടിലും ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെയുള്ള ഹരജിയുമാണ് പരിഗണിച്ചത്.
സിനിമ എല്ലായിടത്തും സമാധാനപരമായി പ്രദര്‍ശനം തുടരുകയാണ്. പശ്ചിമ ബംഗാളിന് എന്താണ് ഇത്ര വ്യത്യാസം? പ്രശ്‌നം ഒരു ജില്ലയില്‍ മാത്രമാണെങ്കില്‍ പിന്നെ എന്തിനാണ് സംസ്ഥാനത്തുടനീളം സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്? ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു. അസഹിഷ്ണുതക്ക് പാത്രമാകുന്ന എല്ലാ വിഷയങ്ങളിലും നിയമപരിരക്ഷയൊരുക്കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ എല്ലാ സിനിമകള്‍ക്കും ഇത് സംഭവിക്കും. സമാധാനം നിലനിര്‍ത്താന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. ക്രമസമാധാനം തകരുമെന്ന ഭയം സിനിമ നിരോധിക്കാനുള്ള കാരണമായിക്കൂടെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്.        
    കേരള സ്റ്റോറി'യില്‍ വിദ്വേഷ പരാമര്‍ശമുണ്ടെന്നും ചിത്രം സാമുദായിക ഐക്യം തകര്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ തീയേറ്റര്‍ ഉടമകള്‍ സിനിമയുടെ പ്രദര്‍ശനം പിന്‍വലിച്ചിരുന്നു. പൊതുജനങ്ങളില്‍നിന്നുള്ള സ്വീകാര്യതക്കുറവും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന കാരണത്താലുമാണ് മുഴുവന്‍ ഷോകളും റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് വിശദീകരിച്ചായിരുന്നു നടപടി. തമിഴ്നാട്ടില്‍ ചിത്രത്തിന് ഷാഡോ ബാന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സുരക്ഷ വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രമാണ് ദ കേരള സ്റ്റോറി. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നുവെന്ന ആരോപണമാണ് ചിത്രം മുന്നോട്ടുവച്ചത്.

 

Latest News