Sorry, you need to enable JavaScript to visit this website.

സ്ഥലംമാറ്റം ചോദിച്ചെത്തിയ അധ്യാപികക്ക് മുഖ്യമന്ത്രി നൽകിയത് സസ്‌പെൻഷനും അറസ്റ്റും

ന്യൂദൽഹി- സ്ഥലംമാറ്റം തേടിയെത്തിയ അധ്യാപികക്ക് മുഖ്യമന്ത്രിയിൽനിന്ന് കിട്ടിയത് സസ്‌പെൻഷനും അറസ്റ്റും. ഉത്തരാഖണ്ഡിലാണ്  സംഭവം. 57-കാരിയായ ടീച്ചർ മുഖ്യമന്ത്രി ത്രിവേന്ദ റാവത്തിന് മുന്നിലെത്തിയത് ഭർത്താവ് മരിച്ച തനിക്ക് തന്റെ മക്കളുടെ അടുത്ത് കഴിയാൻ പാകത്തിൽ, അടുത്തുള്ള സ്‌കൂളിലേക്ക് ട്രാൻസ്ഫർ ആവശ്യപ്പെട്ടായിരുന്നു. എന്നാൽ ടീച്ചർ ആവശ്യമുന്നയിച്ച ഉടൻ മുഖ്യമന്ത്രി ദേഷ്യം പിടിക്കുകയും ടീച്ചറെ സസ്‌പെന്റ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിടുകയുമായിരുന്നു. പ്രധാനയോഗത്തെ തടസപ്പെടുത്തി എന്ന വകുപ്പ് ചുമത്തിയാണ് ഉത്തര ബഹുഗുണ എന്ന അധ്യാപികയെ സസ്‌പെന്റ് ചെയ്തത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ അടുത്ത്‌നിന്ന് മോശം പെരുമാറ്റമാണുണ്ടായതെന്ന് ടീച്ചർ പിന്നീട് പ്രതികരിച്ചു. ഇരുപത്തിയഞ്ച് വർഷമായി ഉത്തരകാശിയിലെ സ്‌കൂളിലാണ് ഇവർ ജോലി ചെയ്യുന്നത്. മൂന്നുവർഷം മുമ്പ് ഇവരുടെ ഭർത്താവ് മരിച്ചു. ഡെറാഡൂണിലേക്കാണ് ഇവർ സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നത്. ഇവരുടെ മക്കൾ ഡെറാഡൂണിലാണ് താമസിക്കുന്നത്. ഈ ആവശ്യം നേരിട്ട് ഉന്നയിക്കുന്നതിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ജനതാദർബാറിലേക്ക് എത്തിയത്. എന്നാൽ ടീച്ചറുടെ ആവശ്യം അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. എന്താണ് ആവശ്യം അംഗീകരിക്കാത്തതെന്ന് വ്യക്തമാക്കണമെന്ന ടീച്ചറുടെ ആവശ്യം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയും ചെയ്തു. അവരെ ഉടൻ സസ്‌പെന്റ് ചെയ്യൂ. എന്നിട്ട് അറസ്റ്റ് ചെയ്യൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായി ഹരീഷ് റാവത്ത് അടക്കമുള്ളവർ രംഗത്തെത്തി.
 

Latest News