കൊച്ചി- വാഴക്കാല തോപ്പില്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ച വീട്ടില്‍ മയക്കുമരുന്ന് എം. ഡി. എം. എ വില്‍പ്പന നടത്തിയ യുവാവും യുവതിയും പിടിയില്‍. മലപ്പുറം തലക്കാട്ടൂര്‍ ഭാഗത്ത് ഉരൂതിയില് വീട്ടില്‍ ഷംസീര്‍ (31), പത്തനംതിട്ട റാന്നി പഴവങ്ങാടി ഭാഗത്ത് ചെരുവ്പ്പറമ്പില് വീട്ടില്‍ പില്‍ജ (27) എന്നിവരെയാണ് 12.9 ഗ്രാം എം. ഡി. എം. എയുമായി തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചി സിറ്റി ഷാഡോ പോലീസും തൃക്കാക്കര പോലീസും ചേര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പ്രതികള്‍ ഭാര്യാഭര്ത്താക്കന്മാര് എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു. ന്യൂജന്‍ ബൈക്കുകളിലും മറ്റു നിരവധി ചെറുപ്പക്കാര്‍ അസമയങ്ങളില്‍ എത്തുന്നതായി രഹസ്യവിവരം കിട്ടി പോലീസ് വീട് നിരീക്ഷിച്ചു വരികയായിരുന്നു. ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്ന് മയക്കമരുന്ന് കൊണ്ടുവന്നാണ് ഇവര്‍ ചെറിയ പാക്കറ്റുകളാക്കി വില്‍പ്പന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.