മുംബൈ / ലണ്ടൻ - വ്യവസായ പ്രമുഖനും മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ പ്രമുഖ ബിസ്നസ്സ് ഗ്രൂപ്പുകളിൽ ഒന്നായ ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ എസ്.പി ഹിന്ദുജ (87) അന്തരിച്ചു. ലണ്ടനിൽ വച്ചായിരുന്നു അന്ത്യം. ഏതാനും ആഴ്ചകളായി അസുഖബാധിതനായി ലണ്ടനിൽ ചികിത്സയിലായിരുന്നു.
ഹിന്ദുജ ഗ്രൂപ്പ് സ്ഥാപകനായ പർമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി ഹിന്ദുജ. 1935 നവംബർ 28-ന് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലാണ് ജനനം. ബ്രിട്ടീഷ് പൗരത്വം നേടിയിട്ടുണ്ട്. ഗോപിചന്ദ് പി ഹിന്ദുജ, പ്രകാശ് പി ഹിന്ദുജ, അശോക് പി ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ. ഭാര്യ മധു ഈവർഷം ജനുവരിയിലാണ് മരിച്ചത്. ഷാനു, വിനു എന്നീ രണ്ട് പെൺമക്കളുണ്ട്.
ബാങ്കിംഗ്, കെമിക്കൽസ്,ഹെൽത്ത് കെയർ തുടങ്ങിയ വിവിധ മേഖലകളിലെ ഹിന്ദുജ ഗ്രൂപ്പിന്റെ ബിസ്നസ്സ് ഗ്രൂപ്പിൽ രണ്ടുലക്ഷത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ. 32 ബില്യൺ യു.എസ് ഡോളറാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്തി.