കൊണ്ടോട്ടി- പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ലഹരി നല്‍കി പീഡിപ്പിച്ച യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കൊണ്ടോട്ടി മൊറയൂര്‍ പുലിക്കുത്ത് സുലൈമാന്‍ (36) ആണ് പിടിയിലായത്.
കഴിഞ്ഞ മാസം 23ന് പ്രായ പൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ പ്രലോഭിപ്പിച്ച് കോഴിക്കോട് ബീച്ചില്‍ കൊണ്ടുപോയി തുടര്‍ന്ന് റൂമിലെത്തിച്ച് ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല ദിവസങ്ങളിലായി പീഡനം തുടര്‍ന്നു. പരാതി നല്‍കിയതോടെ ഒളിവില്‍ പോയ പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.ഇതിനിടെയാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂരില്‍ അറസ്റ്റിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡി, കൊണ്ടോട്ടി എസ്.ഐ ഫദില്‍ റഹ്മാന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.