ന്യൂദല്‍ഹി - ആത്മവിശ്വാസം കൂട്ടുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 2024 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ ശക്തമായി. ബി.ജെ.പിക്കെതിരെ ഒറ്റ പൊതുസ്ഥാനാര്‍ഥി എന്ന ആശയത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രബല കേന്ദ്രങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മത്സരിക്കാന്‍ കൂടുതല്‍ അവസരം നല്‍കണമെന്നാണ് തന്റെ നിലപാടെന്ന് മമത പറഞ്ഞു.
പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായ സ്ഥലത്ത് ബി.ജെ.പിക്ക് പൊരുതാന്‍ സാധിക്കില്ല. കര്‍ണാടകയിലെ വിധി ബി.ജെ.പിക്ക് എതിരാണ്. കര്‍ണാടകയിലെ ജനം ദുരിതത്തിലായിരുന്നു. ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. സാമ്പത്തിക രംഗം തകര്‍ക്കപ്പെട്ടു. അതിനാണ് ജനം മറുപടി നല്‍കിയത്- മമത പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനായിരുന്നു മമതയുടെ ശ്രമം. പിന്നീട് യു.പി.എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അനുകൂല നിലപാടിലേക്ക് തിരിയുകയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയതോടെയാണ് മൂന്നാം മുന്നണി എന്ന തീരുമാനത്തില്‍നിന്നു മമത ബാനര്‍ജി പിന്നോക്കം പോയതും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തോട് മമത പ്രകടിപ്പിച്ചതും. കോണ്‍ഗ്രസ് ശക്തമായ സ്ഥലങ്ങളില്‍ അവരെ പിന്തുണക്കുക എന്നതാണ് തന്റെ നയമെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
'ബംഗാളില്‍ തൃണമൂല്‍ ശക്തമായതിനാല്‍ ബി.ജെ.പിക്കെതിരെ പോരാടാന്‍ സാധിക്കും. ദല്‍ഹിയില്‍ ബി.ജെ.പിക്കെതിരെ പോരാടാന്‍ സാധിക്കുന്നത് എ.എ.പിക്കാണ്. ബിഹാറില്‍ ജെ.ഡി.യുവിനാണ് അത് സാധിക്കുക. ഇതുപോലെ തമിഴ്‌നാട്ടിലും ഝാര്‍ഖണ്ഡിലും സാധിക്കും. ഓരോ സംസ്ഥാനത്തും ഏത് പാര്‍ട്ടിയാണോ കരുത്തര്‍ അവര്‍ക്ക് പൊരുതാന്‍ കൂടുതല്‍ അവസരം നല്‍കണം. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഇരുനൂറിലധികം സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികള്‍ പിന്തുണ നല്‍കണം. അവിടെ ബി.ജെ.പിയുമായി നേരിട്ട് പൊരുതാന്‍ കോണ്‍ഗ്രസിന് പിന്തുണ വേണം. നല്ല കാര്യങ്ങള്‍ സംഭവിക്കണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍കൂടി നടത്തേണ്ടി വരും- മമത പറഞ്ഞു.
ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ പ്രതിപക്ഷം ഒറ്റ സ്ഥാനാര്‍ഥിയെ മാത്രം നിര്‍ത്തുക എന്ന നിതീഷ് കുമാറിന്റെ നിര്‍ദേശത്തോട് പല പാര്‍ട്ടികളും യോജിക്കുന്നുണ്ടെന്ന് ജെ.ഡി.യു നേതാവ് കെ.സി. ത്യാഗി പറഞ്ഞു. ഇക്കാര്യത്തില്‍ മമതയും ഇപ്പോള്‍ യോജിക്കുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പട്‌നയില്‍ വിളിച്ചുചേര്‍ക്കണം. കേന്ദ്രത്തിലെ അധികാരം മാറ്റുന്നതിന് ജയപ്രകാശ് നാരായണന്‍ സമരം ആരംഭിച്ചത് പട്‌നയിലാണ്. കോണ്‍ഗ്രസിനെ കൂടാതെ മൂന്നാം മുന്നണി രൂപീകരിക്കണമെന്ന അഭിപ്രായത്തിലായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. എന്നാല്‍ ഇവരുടെ നിലപാടിനും മാറ്റം വന്നിട്ടുണ്ടെന്നും ത്യാഗി പറഞ്ഞു.
കോണ്‍ഗ്രസിനെ കൂടാതെയുള്ള മൂന്നാം മുന്നണി എന്ന ആശയമാണ് ഇടതുപാര്‍ട്ടികള്‍, വിശിഷ്യാ സി.പി.എം പുലര്‍ത്തുന്നത്. ഇവരേയും പുതിയ നിലപാടിലേക്ക് എത്തിക്കുകയാണ് നിതീഷിന്റെ അടുത്ത ദൗത്യം.